മാരക മയക്കുമരുന്നുമായി യുവതിയടക്കം രണ്ടു പേരെ എക്സൈസ് പിടികൂടി


മാരക മയക്കുമരുന്നുമായി യുവതിയടക്കം രണ്ടു പേരെ പരപ്പനങ്ങാടി റെയ്‌ഞ്ച് എക്സൈസ് പിടികൂടി. കോഴിക്കോട് മാങ്കാവിൽ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്ലാറ്റിൽ നിന്നും 25 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടിൽ റജീനയെ (38) യാണ് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടി അറസ്റ്റ് ചെയ്തത്.
ഫ്ലാറ്റ് കേന്ദ്രീകരിച്ച് വർഷങ്ങളോളമായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവതിയാണ് റജീന. 4 ഗ്രാം എംഡിഎംഎ യുമായി പരപ്പനങ്ങാടിയിൽ അറസ്റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്പിൽ മുഷാഹിദ്(32) എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റജീനയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിൽ പ്രധാന പ്രതിയാണ് യുവതിയെന്ന് പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികൾ വലയിലാകാൻ ഉണ്ടെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
ഇൻസ്പെക്ടർക്ക് പുറമേ പ്രിവെന്റിവ് ഓഫീസർമാരായ ടി. പ്രജോഷ് കുമാർ, കെ. പ്രദീപ് കുമാർ, ഉമ്മർകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, ദിദിൻ, ‘അരുൺ, ജയകൃഷ്ണൻ, വിനീഷ് പി ബി, ശിഹാബുദ്ദീൻ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിത കെ, ശ്രീജ എം എക്സൈസ് ഡ്രൈവർ വിനോദ് കുമാർ എന്നിവ എന്നിവരടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്. പ്രതികളെ ചൊവ്വാഴ്ച പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും