ഇന്ത്യൻ ഒളിമ്പിക്സ് ടീമിന് വിജയാശംസ: 101 മെഴുകുതിരികൾ തെളിയിച്ചു പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്.
1 min read

പരപ്പനങ്ങാടി :- 101 മെഴുകുതിരികൾ തെളിയിച്ചു കൊണ്ട് ഇന്ത്യൻ ഒളിമ്പിക്സ് ടീമിന് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് വിജയാശംസകൾ നേർന്നു. ലോകം ഒരു വൈറസിന്റെ പിടിയിൽ ഒതുങ്ങി എരിഞ്ഞടങ്ങുന്ന അവസ്ഥയിൽ ലോക ഐക്യവും സമാധാനവും ഉൾക്കൊണ്ട് ജപ്പാനിലെ ടോക്കിയോയിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്കാണ് മെഴുകു തിരികൾ തെളിയിച്ചു വിജയാശംസകൾ നേർന്നത്.
മറ്റുള്ളവർക്ക് വെളിച്ചം പകരാനായി നിഴൽ പോലും കൂട്ടില്ലാതെ സ്വയം എരിഞ്ഞടങ്ങുന്ന മെഴുകിതിരി പോലെയാണ് ലോക കായികതാരങ്ങളുടെ അവസ്ഥ. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ പിടിച്ചു കുലുക്കിയപ്പോൾ പരിശീലനത്തിന് പോലും കഴിയാതെ പരിമിതമായ സ്ഥലങ്ങളിൽ പരിശീലനം നടത്തി സ്വന്തം രാജ്യങ്ങൾക്കായി പൊരുതുന്ന ഇന്ത്യൻ താരങ്ങളെപ്പോലെത്തന്നെ എല്ലാ കായികതാരങ്ങൾക്കും ഈ മെഴുകുതിരികൾ വെളിച്ചമാവട്ടെ എന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിച്ചത്.
ക്ലബ്ബ് മെമ്പർമാർ മരത്തടിയിൽ തീർത്ത ഒളിമ്പിക്സ് റിങ്ങിലും ഗ്രൗണ്ടിലുമായാണ് മെഴുകുതിരികൾ കത്തിച്ചു വെച്ചത്. ചടങ്ങിൽ വാക്കേഴ്സ് ക്ലബ്ബിന്റെ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ കേലച്ചൻകണ്ടി, കെ.ടി വിനോദ്, ഫായിസ്, പി. ഉനൈസ്, ടി.കെ. സന്ദീപ്, ഷമിത്ത് ലാൽ, കെ.എം. യൂനസ്, പി. വിഷ്ണു എന്നിവർ പങ്കെടുത്തു.