NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡിൻ്റെ പേരിൽ ഗര്‍ഭിണിയായ യുവതിയെ ആശുപത്രികൾ കൈയ്യൊഴിഞ്ഞു: ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികള്‍ മരിച്ചു.

1 min read

മഞ്ചേരി: മെഡിക്കല്‍ കോളജ് ഉള്‍പെടെ വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. സുപ്രഭാതം മഞ്ചേരി ലേഖകന്‍ കിഴിശ്ശേരി എന്‍.സി ഷരീഫ്- സഹല ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. കോഴിക്കേട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. ശസ്ത്രക്രിയവഴി കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. യുവതിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം ഭേദമായിരുന്നു.

പ്രസവവേദനയെത്തുടർന്ന് ശനിയാഴ്ച്ച പുലര്‍ച്ചെ 4.30ന് ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് യുവതി പോയത്. എന്നാൽ കോവിഡ് ആശുപത്രിയായതിനാല്‍ തിരിച്ചയക്കുകയായിരുന്നു. ഇതേ ആശുപത്രിയില്‍ തന്നെയായിരുന്നു യുവതി കോവിഡ് പോസിറ്റിവായി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് ഒപി സമയം കഴിഞ്ഞെന്നു പറഞ്ഞ് മടക്കിയയച്ചു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സക്കായി ചെന്നെങ്കിലും തടഞ്ഞു. മുമ്പ് കോവിഡ് വന്നതിനാലായിരുന്നു ആശുപത്രി ചികിത്സ നിഷേധിച്ചത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വാശിപിടിച്ചു. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല.പിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ റിസല്‍ട്ട് വേണമെന്ന് ആശുപത്രി അധികൃതര്‍ വാശിപിടിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രസവ വേദനകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി അവശയായ യുവതി, ഒടുവിൽ മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ പരിശോധന നടത്തിയ ശേഷം നെഗറ്റീവ് ഫലവുമായി ശനിയാഴ്ച വൈകുന്നേരം ആറരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും പതിനാല്‌ മണിക്കൂര്‍ കഴിഞ്ഞിരുന്നു.

കെ.എം.സി.ടിയില്‍ നടത്തിയ സ്‌കാനിങ്ങില്‍ കുഞ്ഞുങ്ങള്‍ക്ക് ഹൃദയ മിടിപ്പില്ലെന്ന് വ്യക്തമായിരുന്നു. ഇതിനിടെ മലപ്പുറം ഡി.എം.ഒ ഡോ. സക്കീന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വൈകിയെങ്കിലും ഗര്‍ഭിണിയെ ചികില്‍സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് തയാറായത്. ആരോഗ്യമന്ത്രി മെഡിക്കല്‍ കോളജ് സുപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ട് ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കുകയുംചെയ്തു. ഇതുപ്രകാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തത് വൈകീട്ടോടെ ശസ്ത്രക്രിയവഴി കുട്ടികളെ പുറത്തെടുക്കുകയായിരുന്നു.

യുവതി മുമ്പ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് പോസിറ്റിവായി ചികിത്സയിലായിരുന്നു. പിന്നീട് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റിവായതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. തുടര്‍ന്നും കോവിഡ് ബാധിച്ചിരുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ ഓമശേരിയിലെ സ്വകാര്യ ആശുപത്രി തഴയുകയായിരുന്നു.