ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗി ക്കുന്നതിൽ സംസ്ഥാനത്തെ പൊലീസ് വകുപ്പ് ഏറെ മുന്നിൽ- മുഖ്യമന്ത്രി പിണറായി വിജയൻ


ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.
തിരൂർ : ആധുനിക സങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കേസുകൾ അന്വേഷിക്കുന്നതിൽ സംസ്ഥാനത്തെ പൊലീസ് വകുപ്പ് ഏറെ മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരൂരിൽ നിർമാണം പൂർത്തീകരിച്ച ജില്ലയിലെ ആദ്യ ഫോറൻസിക് സയൻസ് ലാബിൻ്റെതുൾപ്പടെ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുൾപ്പടെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ നിന്ന് ശാസ്ത്രീയമായ തെളിവെടുപ്പിന് എല്ലാ ജില്ലകളിലും ഫോറൻസിക് ലാബുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാറുള്ളത്. ഇതിൻ്റെ ഭാഗമായാണ് തിരൂരിലുൾപ്പടെ ജില്ലാ ഫോറൻസിക് ലാബുകൾ നിലവിൽ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ശാസ്ത്രീയവും കൃത്യതയാർന്നതുമായ പരിശോധന വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1.25 കോടി ചെലവഴിച്ച് മലപ്പുറം ജില്ലയിലെ തിരൂരില്‍ ഫോറന്‍സിക് ലാബ് സജ്ജമാക്കിയത്. തിരൂര്‍ പൊലീസ് ലൈനിലെ ഡിവൈഎസ് പി ഓഫീസിനുസമീപത്തായി ഒരുക്കിയ ലാബ് കെട്ടിടത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സൈബര്‍ എന്നിങ്ങനെ നാല് ഡിവിഷനുകളാണ് പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ സൈബർ ഡിവിഷൻ ഒഴികെയുള്ളവ പ്രവർത്തനസജ്ജമാക്കും.
നിലവില്‍ ജില്ലയില്‍ നിന്നും ഫോറന്‍സിക് പരിശോധനകള്‍ക്കായി തൃശൂരിലെ റീജയണൽ ലാബിനെയാണ് ആശ്രയിക്കുന്നത്. ഇത് പരിശോധനകളുടെ ഫലം വൈകുന്നതിന് ഇടയാക്കിയിരുന്നു. തിരൂരിലെ പുതിയ ലാബ് സജ്ജമാകുന്നതോടെ ജില്ലയിലെ ഡി.എൻ.എ പരിശോധന, നുണപരിശോധന എന്നിവ ഒഴികെയുള്ള മുഴുവൻ പരിശോധകളും ഇവിടെ സാധ്യമാകും. മൂന്ന് സയന്റിഫിക് ഓഫീസര്‍മാരുടെ സേവനമാണ് നിലവിൽ ലാബിലുണ്ടായിരിക്കുക. നേരത്തെ തിരുവനന്തപുരത്തെ സ്റ്റേറ്റ് ലാബും കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ റീജണല്‍ ലാബുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ദുരൂഹസാഹചര്യത്തിലുള്ള മരണങ്ങൾ ഉൾപ്പടെയുള്ള കേസുകളിൽ നിയമ നടപടികള്‍ പുതിയ ജില്ലാ ലാബ് വരുന്നതോടെ വേഗത്തിലാക്കാനാവും.
ആധുനിക രീതിയിലുള്ള ലാബ് കെട്ടിടത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റിസപ്ഷന്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പൊലീസിന് പുറമെ എക്‌സൈസ്, വനം വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളിലും സഹായിക്കാവുന്ന വിധത്തിലാണ് തിരൂരിലെ ലാബ്.
തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഫോറൻസിക് ലാബ് ജോയൻ്റ് ഡയറക്ടർ ഡോ. പ്രദീപ് സജി, തൃശൂരിലെ റീജണൽ ഫോറൻസിക് ലാബ് ജോയൻ്റ് ഡയറക്ടർ കെ.പി സുലൈഖ, തിരൂര്‍ ഡി.വൈ.എസ്.പി കെ. എ സുരേഷ് ബാബു, സി.ഐ ഫർഷാദ് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.