18 വിദ്യാര്‍ത്ഥികള്‍ക്ക് സ്മാർട്ട് ഫോണുകള്‍ നല്‍കി


തിരൂരങ്ങാടി: ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് ഒന്നാംഘട്ടത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്.
സ്‌കൂള്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ കമ്മിറ്റിയും ഹയര്‍സെക്കന്ററി സ്റ്റാഫ് കൗണ്‍സിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് വിരമിച്ചവരും ജോലിയുള്ളവരുമായ അധ്യാപകരും ചേര്‍ന്നാണ് 18 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഫോണുകള്‍ വിതരണം ചെയ്തത്. രണ്ടാംഘട്ടത്തില്‍ ടാബ് ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനാണ് തീരുമാനം. സ്‌കൂള്‍ കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കെപിഎ മജീദ് എംഎല്‍എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിപി സുഹറാബി അധ്യക്ഷയായി. നഗരസഭ കൗണ്‍സിലര്‍ അരിമ്പ്ര മുഹമ്മദലി, പിടിഎ പ്രസിഡന്റ് കെടി സക്കീര്‍, സിഎച്ച് മഹ്‌മൂദ് ഹാജി, എസ്എംസി ചെയര്‍മാന്‍ എന്‍എം അലി, സ്റ്റാഫ് സെക്രട്ടറി എന്‍ മുഹമ്മദലി മാസ്റ്റര്‍, ഹൈസ്‌കൂള്‍ പ്രധാനധ്യാപിക മോളിക്കുട്ടി, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ കെ പ്രതാപ് എന്നിവര്‍ സംസാരിച്ചു.