നഗരസഭാ ഓഫീസ് ലീഗ് സമര വേദി യാക്കിയതിൽ സി.പി.എം പ്രതിഷേധം


പരപ്പനങ്ങാടി: മുൻസിപ്പൽ ചെയർമാൻ്റെ ഓഫീസിൽ വെച്ച് ലീഗ് പ്രതിഷേധ ക്യാംമ്പയിൻ ഉത്ഘാടനം നടത്തിയതിനെതിരെ സി.പി.എം പ്രതിഷേധിച്ചു. ഇന്നലെ സംസ്ഥാന സർക്കാറിനെതിരെ മുസ്ലീം ലീഗ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സേവ് മലപ്പുറം ക്യാമ്പയിൻ സംഘടിപ്പിച്ച പരിപാടിയാണ് പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ ചെയർമാൻ്റ ഔദ്യോഗിക ചേമ്പറിൽ വെച്ച് ലീഗ് പ്രവർത്തകരും, മൂന്ന് കൗൺസിലർമാരും ചേർന്ന് നടത്തിയത്.
ഔദ്യോഗിക സ്ഥാപനം രാഷ്ട്രീയ വേദിയാക്കിയതിനെതിരെയാണ് സി.പി.എം ലോക്കൽ കമ്മറ്റിയുടെയും, ഇടതുപക്ഷ കൗൺസിലർമാരും ചേർന്ന് ചെയർമാൻ്റെ ഓഫീസിന് മുന്നിൽ പ്ലക്കാർഡ് ഉയർത്തി നിൽപ്പ് സമരം നടത്തിയത്. നഗരസഭ ചെയർമാൻ്റെ ഓഫീസ് ലീഗ് ഓഫീസല്ലന്നും, ഔദ്യോഗിക സ്ഥാപനം രാഷ്ട്രീയ വേദിയാക്കി മാറ്റിയ ചെയർമാൻ്റെ നടപടി സത്യപ്രതിജ്ഞ ലംഘനമാണന്നും ഇത്തരം പ്രവർത്തികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമരക്കാർ ആവശ്യപെട്ടു.
തൻ്റെ ഔദ്യോഗിക പദവിയും, സ്ഥാപനവും രാഷ്ട്രീയ പ്രചരണ വേദിയാക്കി മാറ്റിയ ചെയർമാനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും നേതാക്കൾ ആവശ്യപെട്ടു. പ്രതിഷേധ സമരം കൗൺസിലർ ടി.കാർത്തികേയൻ ഉത്ഘാടനം ചെയ്തു. സി.പി. എം നേതാക്കളായ പാലക്കണ്ടി വേലായുധൻ, കെ.പി.എം കോയ, എ.പി.മുജീബ്, കെ.അഫ്ത്താബ്, അച്ചമ്പാട്ട് വിശാഖ്, എം. സമീർ, സുബ്രമണ്യൻ സംസാരിച്ചു.