വനിതാ ലീഗിനു പാര്‍ട്ടിയില്‍ കടുത്ത അവഗണന, ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബീന റഷീദ്; പാര്‍ട്ടി വിടില്ല
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂര്‍ബീന റഷീദ്. വനിതാ ലീഗിനു പാര്‍ട്ടിയില്‍ കടുത്ത അവഗണനെയന്ന് ആരോപിച്ചാണ് നൂര്‍ബീന റഷീദിന്റെ രാജി.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നേരത്തെ വനിതാ ലീഗ് ദേശീയ സെക്രട്ടറിയായ നൂര്‍ബീന റഷീദ് കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ വനിതാ ലീഗിലെ എല്ലാ ഭാരവാഹിത്വങ്ങളും രാജിവെച്ചാണ് അവര്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടില്ലെന്നും പദവി രാജിവച്ചെങ്കിലും പാര്‍ട്ടി വിടില്ലെന്നും നൂര്‍ബീന റഷീദ് പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെയും പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയക്കെതിരെയും അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് രാജി.
പാണക്കാട് തങ്ങള്‍മാരുടെ കുടുംബത്തെ വരെ അധിക്ഷേപിക്കാന്‍ ഇടയാക്കിയ ഹരിത വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ഫാത്തിമ തഹലിയക്ക് സീറ്റ് നല്‍കരുത് എന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഫാത്തിമ തഹലിയ ജമാഅത്തെ ഇസ്ലാമിയുടെ നോമിനി ആണോ എന്ന് സംസ്ഥാന നേതൃത്വത്തോട് ചോദിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ ചോദ്യം നേതൃത്വം ചിരിച്ചു തള്ളിയെന്ന് നൂര്‍ബിന പറയുന്നു.
സാമൂഹ്യ ധ്രുവീകരണം നടക്കരുതെന്നും എം കെ മുനീറിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ചില സംഘടിത ശ്രമങ്ങള്‍ ഉണ്ടായിയെന്നും നൂര്‍ബീന റഷീദ് ചൂണ്ടിക്കാട്ടി. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് അറിയാമെന്നും വനിതാ സ്ഥാനാര്‍ത്ഥികള്‍ കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ നേരത്തെ നിലപാടുകള്‍ എടുത്തിരുന്ന സമസ്ത നേതാക്കളുടെ ആദര്‍ശം എവിടെപ്പോയി എന്നും അവര്‍ ചോദിച്ചു.
മുസ്ലിംലീഗിലെ വനിതകള്‍ ഇടയ്ക്കിടെ ഗള്‍ഫില്‍ പോകുന്നുവെന്ന ആരോപണവും നൂര്‍ബിനയ്ക്കുണ്ട്. രാഷ്ട്രീയം ധനാഗമന മാര്‍ഗമായി തങ്ങള്‍ കണ്ടിട്ടില്ലെന്നും പണാധിപത്യം പാടില്ലെന്നും അവര്‍ പറഞ്ഞു. മുസ്ലിം ലീഗ് ഉള്‍പ്പെടെ സോഷ്യല്‍ ഓഡിറ്റിന് വിധേയമാകണമെന്നും നൂര്‍ബിനാ റഷീദ് പറഞ്ഞു.
