NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡ് വകഭേദം അതിവേഗം പടരുന്നു;അമേരിക്കയടക്കം 23 രാജ്യങ്ങളില്‍ ‘സിക്കാഡ’ സ്ഥിരീകരിച്ചു, ഇന്ത്യയിലും ജാഗ്രത

പ്രതീകാത്മക ചിത്രം

ആഗോളതലത്തിൽ വീണ്ടും ആശങ്ക പടർത്തി കൊറോണ വൈറസിന്റെ പുതിയ വകഭേദം ‘സിക്കാഡ’ (BA.3.2) അതിവേഗത്തില്‍ പടരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുൾപ്പെടെ 23-ലധികം രാജ്യങ്ങളിൽ ഇതിനോടകം കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ വൈറസുകളിൽ നിന്ന് വ്യത്യസ്തമായി 70-ലധികം ജനിതക മാറ്റങ്ങൾ സംഭവിച്ച വകഭേദമാണിതെന്നതാണ് ആരോഗ്യവിദഗ്ധരെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്..

♦️എന്താണ് സിക്കഡ?

2021ൽ പ്രത്യക്ഷപ്പെട്ട ഒമിക്രോൺ വകഭേദത്തിന്റെ പിൻഗാമിയാണ് BA.3.3. വർഷങ്ങളോളം മണ്ണടിയിൽ ഒളിച്ചിരുന്ന ശേഷം പുറത്തുവരുന്ന ‘സിക്കഡ’ എന്ന ഷഡ്പദത്തിന്റെ പേരാണ് ഈ വകഭേദത്തിന് നൽകിയിരിക്കുന്നത്. 2024 അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലാണ് BA.3.2 വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്, 2025 ൽ ഇത് കൂടുതൽ വ്യാപകമായി പടരാൻ തുടങ്ങി. ഇപ്പോൾ 20 ലധികം രാജ്യങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വൈറസിന്റെ സ്പൈക് പ്രോട്ടീനിൽ സംഭവിച്ചിട്ടുള്ള 70 മുതൽ 75 വരെയുള്ള മാറ്റങ്ങൾ കാരണം ഇതിന് രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ കെൽപ്പുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു..

♦️പ്രധാന ലക്ഷണങ്ങൾ

* കഠിനമായ തൊണ്ടവേദന

* പനി, ചുമ, മൂക്കൊലിപ്പ്

* പേശി വേദനയും തലവേദനയും

* അമിതമായ ക്ഷീണം

* ചിലരിൽ രുചിയും ഗന്ധവും നഷ്ടപ്പെടുന്നു

ചില രോഗികൾക്ക് നേരിയ ശ്വാസതടസ്സം അല്ലെങ്കിൽ ഓക്കാനം പോലുള്ള ദഹനനാളത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടാം. പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ സ്വയം ഐസൊലേഷനിൽ ഇരിക്കുകയും ആവശ്യമെങ്കിൽ പരിശോധന നടത്തുകയും ചെയ്യുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും പ്രായമായവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു..

♦️മുൻകരുതലുകൾ

മാസ്ക് ധരിക്കുക-: തിരക്കേറിയ സ്ഥലങ്ങളിലും ആശുപത്രികളിലും മാസ്ക് ഉപയോഗിക്കുന്നത് തുടരുക..

ശുചിത്വം- കൈകൾ സോപ്പിട്ട് കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ശീലമാക്കുക..

♦️ഇന്ത്യയിലും ജാഗ്രത

നിലവിൽ ഇന്ത്യയിൽ ഈ വകഭേദം മൂലം രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും അന്താരാഷ്ട്ര സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. നിലവിലുള്ള വാക്സിനുകൾ രോഗം ഗുരുതരമാകുന്നത് തടയാൻ സഹായിക്കുമെന്നും തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉചിതമാണെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.ഈ പുതിയ വകഭേദത്തിന്‍റെ വ്യാപന വേഗത വളരെ കൂടുതലാണെന്നും അതിനാൽ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *