NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എണ്ണവില കുതിച്ചുയരുന്നു; വാണിജ്യ സിലിണ്ടറിന് 195 രൂപ വര്‍ധനവ്; വിമാന ഇന്ധന വില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് 2 ലക്ഷം കടന്നു

ഇറാന്‍ – ഇസ്രയേല്‍, യുഎസ് പോരിനെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചുയരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതിന്റെ പ്രതിഫലനം രാജ്യത്തുമുണ്ട്.

 

രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറിന് ബുധനാഴ്ച 195.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 2,078.50 രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി വാണിജ്യ എല്‍.പി.ജി വിലയിലും സമാനമായ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് ഒന്നിന് ശേഷം ഇത് മൂന്നാം തവണയും ഈ വര്‍ഷം ഇത് അഞ്ചാം തവണയുമാണ് വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിക്കുന്നത്.

വിമാന ഇന്ധനമായ എ.ടി.എഫിന്റെ വില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് 2 ലക്ഷം രൂപ കടന്നു. ഡല്‍ഹിയില്‍ വിമാന ഇന്ധന വില കിലോലിറ്ററിന് 2,07,341.22 രൂപയായി വര്‍ധിച്ചു. നേരത്തെ 2022ല്‍ റഷ്യയുക്രൈന്‍ യുദ്ധകാലത്തുണ്ടായ 1.1 ലക്ഷം രൂപയായിരുന്നു ഇതിനുമുമ്പത്തെ ഉയര്‍ന്ന നിരക്ക്.

 

യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലേക്ക് പ്രവേശിച്ചതും യുഎസ് സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചതും ഊര്‍ജ്ജ വിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് എണ്ണവില കൂടാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്തുന്നതില്‍ ഹൂതികളുടെ ട്രാക്ക് റെക്കോര്‍ഡ് ആശങ്കാജനകമാണ്. നേരത്തെ ഈ സംഘം ചെങ്കടല്‍ ഒഴിവാക്കാന്‍ കപ്പലുകളെ നിര്‍ബന്ധിച്ചിരുന്നു. നിലവിലെ ഭീഷണി ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് എണ്ണ വില ഉയരാന്‍ കാരണം.

 

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ കമ്പനികള്‍ ഓരോ മാസവും ഒന്നാം തീയതി വില പരിഷ്‌കരിക്കാറുണ്ട്.
പ്രീമിയം ഇന്ധനങ്ങള്‍ക്കും വലിയ രീതിയില്‍ വില വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയിലിന്റെ എക്‌സ്.പി 100 (XP100) പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 149 രൂപയില്‍ നിന്ന് 160 രൂപയായി ഉയര്‍ത്തി. കൂടാതെ പ്രീമിയം ഡീസലായ എക്‌സ്ട്രാ ഗ്രീനിന്റെ (tXra Green) വില ലിറ്ററിന് 92.99 രൂപയായും വര്‍ധിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയവും നേരത്തെ തങ്ങളുടെ പ്രീമിയം പെട്രോളിന് ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ചിരുന്നു.

 

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ഊര്‍ജ്ജ വിതരണ ശൃംഖലയെ ഗുരുതരമായാണ് ബാധിച്ചതണ് ഈ വന്‍ വിലക്കയറ്റത്തിന് പ്രധാന കാരണം. ആഗോള എണ്ണവിലയില്‍ ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കാലയളവില്‍ ഉണ്ടായത്. യുഎസ്ഇറാന്‍ സംഘര്‍ഷം മൂലം ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും ലോജിസ്റ്റിക്‌സ് ചിലവുകളിലെ വര്‍ധനവും എണ്ണക്കമ്പനികളെ ഈ തീരുമാനത്തിലേക്ക് നയിച്ചതായി കരുതപ്പെടുന്നു. ആഗോളതലത്തിലെ ഈ അസ്ഥിരത വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *