ബൂത്തിനകത്ത് മൊബൈൽ വേണ്ട; ഫോൺ സൂക്ഷിക്കാൻ പുറത്ത് പ്രത്യേക കൗണ്ടറുകൾ; എല്ലാ ബൂത്തുകളിലും തത്സമയ നിരീക്ഷണം; വോട്ടെടുപ്പ് ഹൈടെക്കാകും..!
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാൻ വിപ്ലവകരമായ മാറ്റങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കള്ളവോട്ടും ബൂത്ത് പിടുത്തവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മുഴുവൻ പോളിംഗ് ബൂത്തുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കമ്മീഷൻ തീരുമാനിച്ചു.
നിലവിൽ പ്രശ്നബാധിത ബൂത്തുകളിൽ മാത്രം ഏർപ്പെടുത്തിയിരുന്ന വെബ്കാസ്റ്റിംഗ് സംവിധാനമാണ് ഇത്തവണ എല്ലാ ബൂത്തുകളിലേക്കും വ്യാപിപ്പിക്കുന്നത്. ഇതോടെ ബൂത്തിനകത്തും പുറത്തും നടക്കുന്ന ഓരോ നീക്കങ്ങളും കളക്ടറേറ്റിലെ കൺട്രോൾ റൂമിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും തത്സമയം നിരീക്ഷിക്കാൻ സാധിക്കും.
എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ തർക്കങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉന്നത ഉദ്യോഗസ്ഥർക്ക് നിമിഷങ്ങൾക്കകം ഇടപെടാനും നടപടി സ്വീകരിക്കാനും ഈ സംവിധാനം വഴി കഴിയും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി നടക്കുന്ന പരിശീലന പരിപാടികളിൽ ഇത് സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ അധികൃതർ നൽകിത്തുടങ്ങി.
മറ്റൊരു പ്രധാന പരിഷ്കാരം ബൂത്തിനകത്തെ മൊബൈൽ ഫോൺ നിരോധനമാണ്. വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർക്കും ബൂത്തിനകത്തേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമുണ്ടാകില്ല.
വോട്ടർമാർ കൊണ്ടുവരുന്ന ഫോണുകൾ ബൂത്തിന് പുറത്ത് സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേക കൗണ്ടറുകൾ അധികൃതർ തന്നെ സജ്ജമാക്കും. പോളിംഗ് ഡ്യൂട്ടിയിലുള്ള പ്രിസൈഡിംഗ് ഓഫീസർമാർക്ക് മാത്രമേ ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ.
കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും സാങ്കേതിക സംവിധാനങ്ങളെയും വിന്യസിച്ചുകൊണ്ട് കുറ്റമറ്റ രീതിയിൽ വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതോടെ പോളിംഗ് സ്റ്റേഷനുകളിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമായി വരും.
