NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയെ കേന്ദ്ര വികസന മാതൃകയാക്കും: എൻ.ഡി.എ സ്ഥാനാർഥി റിജു സി. രാഘവ്

തിരൂരങ്ങാടി: കേന്ദ്രാവിഷ്കൃത പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കി തിരൂരങ്ങാടി മണ്ഡലത്തെ സംസ്ഥാനത്തെ തന്നെ മാതൃകാ മണ്ഡലമായി ഉയർത്തുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി റിജു സി. രാഘവ്. തിരൂരങ്ങാടി പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ കാൻഡിഡേറ്റ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുമെന്നും ഗ്രാമ-നഗര മേഖലകളെ ഒരുപോലെ ശാക്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റലൈസേഷൻ, തൊഴിലധിഷ്ഠിത നൈപുണ്യ വികസനം, സാമ്പത്തിക ശാക്തീകരണം എന്നിവയിലൂടെ യുവതലമുറയെ സ്വയംപര്യാപ്തരാക്കു കയാണ് ലക്ഷ്യം.

പി.എം ഗതിശക്തി, സ്വച്ഛ് ഭാരത് പദ്ധതികളിലൂടെ മണ്ഡലത്തിലെ പശ്ചാത്തല സൗകര്യങ്ങൾ നവീകരിക്കും.

പ്രധാൻ മന്ത്രി കൗശൽ കേന്ദ്രങ്ങൾ വഴി യുവാക്കൾക്ക് ഉയർന്ന നിലവാരമുള്ള തൊഴിൽ പരിശീലനം ലഭ്യമാക്കും.

പി.എം ആവാസ് യോജന, ഗ്രാമ സഡക് യോജന എന്നിവ വഴി പാർപ്പിട-റോഡ് സൗകര്യങ്ങൾ മെച്ചപ്പെടുത്തും.

തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളിലും എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി പഞ്ചായത്തുകളിലും അമൃത് നഗര പദ്ധതി വഴി വികസനമെത്തിക്കും.

തിരൂരങ്ങാടിയുടെ ചരിത്രപരമായ പൈതൃകവും പ്രൗഢിയും നിലനിർത്തിക്കൊണ്ടുതന്നെ ഗതാഗത സൗകര്യങ്ങൾ ആധുനിക വൽക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ് ക്ലബ് പ്രസിഡൻ്റ് യു.എ. റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ ഷനീബ് മൂഴിക്കൽ നന്ദി പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് ശ്രീരാഗ് മോഹൻ, ശശിധരൻ പുന്നശ്ശേരി, കുന്നത്ത് ചന്ദ്രൻ, കളത്തിൽ ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *