NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിയമസഭാ തെരഞ്ഞെടുപ്പ്; 10 ദിവസത്തിനിടെ പിടിച്ചത് 3.91 കോടി രൂപയുടെ പണവും മറ്റ് വസ്തുക്കളും

പ്രതീകാത്മക ചിത്രം

 

പണം വിട്ടു നല്‍കാന്‍ ജില്ലാതല ഗ്രീവന്‍സ് കമ്മിറ്റി രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ മലപ്പുറം ജില്ലയില്‍ ഇതുവരെ പിടികൂടിയത് 3,91,31,190 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈല്‍ ഫോണുകളും മറ്റും. മാര്‍ച്ച് 15 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പൊലിസ്, എക്‌സൈസ്, ഇന്‍കംടാക്‌സ്, ഡി.ആര്‍.ഐ, ഫ്ളയിംഗ് സ്‌ക്വാഡ്, എസ്.എസ്.ടി എന്നിവ നടത്തിയ പരിശോധനയിലാണ് ഇത്രയും മൂല്യമുള്ള വസ്തുക്കള്‍ പിടികൂടിയത്.

ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരുകയാണ്. പണം, മദ്യം, ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ ഒഴുക്ക് തടയുന്നതിനായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന.

പൊലിസ് പരിശോധനയില്‍ 36.045 ലക്ഷം രൂപ, ആറ് ലിറ്റര്‍ മദ്യം, 701.90 ഗ്രാം മയക്കുമരുന്ന്, 4383 ഹാന്‍സ് പായ്ക്കറ്റ്, 30 ഐ ഫോണുകള്‍ എന്നിവ പിടികൂടി. ആകെ 54.98 ലക്ഷം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇന്‍കം ടാക്‌സ് ടീം 87.44 ലക്ഷം രൂപ പിടിച്ചെടുത്തു.

 

എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 62.68 രൂപയും 491.12 ലിറ്റര്‍ മദ്യവും 8.80 കി.ഗ്രാം മയക്കുമരുന്നും കണ്ടെത്തി. രണ്ട് കഞ്ചാവ് ചെടിയും കണ്ടെത്തി നടപടിയെടുത്തു. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പരിശോധനയില്‍ 1.65 കോടി രൂപ വില വരുന്ന 36,74,000 സിഗരറ്റ് പിടികൂടി. എസ്എസ്.ടി നടത്തിയ പരിശോധനയില്‍ 12.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സ്‌ക്വാഡുകളും പൊലീസും പിടിച്ചെടുക്കുന്ന പണം ഇലക്ഷനുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ പരിശോധിച്ച് ഉടമകള്‍ക്ക് തിരിച്ച് നല്‍കുന്നതിനായി ജില്ലാ കളക്ടര്‍ ജില്ലാതല ഗ്രീവന്‍സ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ജി.എസ്.ടി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അബ്ദുല്‍ ലത്തീഫ്, ചെലവ് നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ പ്രസീദ യു.വി, ജില്ലാ ട്രഷറി ഓഫീസര്‍ സ്മിജ എം.കെ എന്നിവരടങ്ങിയ കമ്മിറ്റിയാണ് തീരുമാനമെടുക്കുക. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള തുക വിട്ടു നല്‍കുന്നതിനു മുമ്പ് ആദായ നികുതി വകുപ്പിനെ വിവരമറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *