തിരൂരങ്ങാടിയില്‍ ആവേശം; യു.ഡി.എഫ് സ്ഥാനാർത്ഥി പി.എം.എ സമീർ പത്രിക സമർപ്പിച്ചു
തിരൂരങ്ങാടി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.എം.എ സമീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
തിരൂരങ്ങാടി തഹസീൽദാറും ഉപവരണാധികാരിയുമായ സി. ശ്രീകുമാറിന് മുൻപാകെയാണ് രാവിലെ പത്രിക കൈമാറിയത്. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടും കൂടിയാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്.
യു.ഡി.എഫിലെ പ്രമുഖ നേതാക്കൾ പത്രികാ സമർപ്പണത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
കെ.പി.എ മജീദ് എം.എൽ.എ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
അഡ്വ. പി.എം.എ സലാം, പി.കെ അബ്ദുറബ്ബ്, എൻ.പി ഹംസ കോയ
എന്നിവർ സ്ഥാനാർത്ഥിയായി അനുഗമിച്ചു.
രാവിലെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചാണ് സമീർ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തങ്ങളിൽ നിന്നും നോമിനേഷൻ പേപ്പറും കെട്ടിവെക്കാനുള്ള തുകയും അദ്ദേഹം ഏറ്റുവാങ്ങി. വാഴയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയാണ് സമീറിന് കെട്ടിവെക്കാനുള്ള തുക സമാഹരിച്ചു നൽകിയത്.
തുടർന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച് അനുഗ്രഹം തേടിയ ശേഷമാണ് അദ്ദേഹം ചെമ്മാട്ടെത്തിയത്. രാവിലെ 10:30-ഓടെ ചെമ്മാട് കൊടിഞ്ഞി റോഡ് ജംഗ്ഷനിൽ നിന്നും വിവിധ ഘടകകക്ഷി നേതാക്കളും പ്രവർത്തകരും പങ്കെടുത്ത പ്രകടനം യു.ഡി.എഫിന്റെ ഐക്യവിളംബരമായി മാറി. നൂറുകണക്കിന് പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ അനുഗമിക്കാനെത്തിയത്.
