കേരളം ഏപ്രിൽ 9-ന് ബൂത്തിലേക്ക്; വോട്ടെണ്ണൽ മെയ് 4-ന്, സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു..!
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് 4-നാണ് വോട്ടെണ്ണൽ.
കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷൻ ഔദ്യോഗികമായി പുറത്തുവിട്ടു. പ്രഖ്യാപനം വന്നതോടെ എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു.
അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 824 മണ്ഡലങ്ങളിലായി 17.4 കോടി വോട്ടർമാരാണ് ഇത്തവണ വിധിയെഴുതുന്നത്. ഇതിനായി 2.19 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ കമ്മീഷൻ സജ്ജീകരിക്കും.
കേരളത്തിൽ 140 മണ്ഡലങ്ങളിലായി 30,471 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. സംസ്ഥാനത്തെ 2.70 കോടി വോട്ടർമാരിൽ 1.38 കോടി സ്ത്രീകളും 1.31 കോടി പുരുഷന്മാരും 277 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 4.24 ലക്ഷം കന്നി വോട്ടർമാരാണ് ഇത്തവണ കേരളത്തിൽ പുതുതായി വോട്ട് രേഖപ്പെടുത്തുക.
വിജ്ഞാപനം പുറപ്പെടുവിക്കൽ, നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, പത്രിക പിൻവലിക്കൽ തുടങ്ങിയവയ്ക്കുള്ള തീയതികളും കമ്മീഷൻ പാനൽ വ്യക്തമാക്കിയിട്ടുണ്ട്. തീയതി പ്രഖ്യാപനം വന്നതോടെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ വേഗത്തിലാക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയുടെ നിരീക്ഷണം കർശനമാക്കുമെന്ന് കമ്മീഷൻ.
