NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയുടെ ആത്മഹത്യാശ്രമം; പവിത്രയെ കൊലപ്പെടുത്തിയത് ഓട്ടിസം ബാധിച്ചെന്ന സംശയത്തെ തുടർന്ന്

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയായ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണിച്ചോട് സ്വദേശികളായ സുഭാഷ്-അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന് ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന സംശയവും പ്രസവശേഷമുണ്ടായ മാനസിക പ്രയാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞ് കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി.

കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊലനടത്തിയത് എന്ന് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ആര്യനാട് മീനാങ്കലിലെ ഭർത്താവിന്റെ വീട്ടിലായിരുന്ന അശ്വതി മൂന്ന് ദിവസം മുമ്പാണ് കുഞ്ഞുമായി വാമനപുരത്തെ വീട്ടിലെത്തിയത്. ഭർത്താവിന്റെ വീട്ടിലുള്ളവർ ക്ഷേത്രദർശനത്തിന് പോയതിനെ തുടർന്നായിരുന്നു ഇത്.

സംഭവദിവസം തൊഴിലുറപ്പ് ജോലി കഴിഞ്ഞ് കുഞ്ഞിന്റെ മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് കട്ടിലിൽ കിടക്കുകയായിരുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്ന് അവർ ആദ്യം കരുതിയത്. എന്നാൽ പിന്നീട് തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പരിഭ്രാന്തയായ ഇവർ ഉടൻതന്നെ ബന്ധുക്കളെ വിവരമറിയിച്ചശേഷം കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് വെഞ്ഞാറമൂട് പോലീസ് ഉടൻ സ്ഥലത്തെത്തി. കുഞ്ഞിന്റെ കഴുത്തിലും ശരീരഭാഗത്തും അടയാളങ്ങൾ കണ്ടതോടെയാണ് സംഭവം കൊലപാതകമായിരിക്കാം എന്ന നിഗമനത്തിൽ പോലീസ് എത്തിയത്. പിന്നാലെ ഇവർ അശ്വതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ചോദ്യംചെയ്യലിൽ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെണ് അശ്വതി സമ്മതിക്കുകയായിരുന്നു. ഇതിനുപിന്നാലെ യുവതി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പോലീസ് പറഞ്ഞു.

അശ്വതിക്ക് എട്ടുവയസുള്ള മറ്റൊരു കുട്ടികൂടി ഉണ്ട്. രണ്ടാമത്തെ കുട്ടിയുടെ പ്രസവം കഴിഞ്ഞതിൽപിന്നെ അശ്വതി അധികം ആരോടും സംസാരിച്ചിരുന്നില്ല എന്ന് ബന്ധുക്കൾ പറയുന്നു. ചെറിയരീതിയിൽ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായും കുഞ്ഞിനെ ഇഷ്ടമല്ലാത്ത രീതിയിലുള്ള പ്രവർത്തികൾ ചെയ്തിരുന്നതായും ഇവർ പറയുന്നു. അടുത്ത ദിവസം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇവർ.

Leave a Reply

Your email address will not be published. Required fields are marked *