NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി നഗരസഭ ബജറ്റ്: വികസനക്കുതിപ്പിന് എട്ട് വൻകിട പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക ക്ഷേമത്തിനും ഊന്നൽ

പരപ്പനങ്ങാടി: അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക ക്ഷേമത്തിനും ഊന്നൽ നൽകി പരപ്പനങ്ങാടി നഗരസഭയുടെ 2026-27 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. 89.52 കോടി രൂപ വരവും 83.54 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 5.97 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്നു.
നഗരസഭാധ്യക്ഷ പി. സുബൈദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപാധ്യക്ഷൻ ഷമീം കിഴക്കിനിയകത്താണ് ബജറ്റ് അവതരിപ്പിച്ചത്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന എട്ട് അതിപ്രധാന പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രധാന ആകർഷണം. പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം മുതൽ ആധുനിക ശ്മശാനം വരെ നീളുന്നതാണ് വികസന രേഖ.
നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് മൂന്ന് കോടി രൂപ വകയിരുത്തി. നിലവിലുള്ള ബസ് സ്റ്റാൻഡ് കവാടം നവീകരിക്കാൻ 20 ലക്ഷം രൂപയും നീക്കിവെച്ചു. 1.50 കോടി രൂപ ചെലവിൽ ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം നിർമ്മിക്കും. ജലാശയങ്ങളുടെ നവീകരണത്തിനും സംരക്ഷണത്തിനുമായി ആകെ 1.50 കോടി രൂപ അനുവദിച്ചു.
ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിന് 50 ലക്ഷം രൂപയും, പുതിയ ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയും വകയിരുത്തി. വയോജന ക്ലബ്ബുകൾക്കും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനുമായി 55 ലക്ഷം രൂപ നീക്കിവെച്ചു. ആധുനിക രീതിയിലുള്ള വിശ്രമകേന്ദ്രങ്ങളും ശുചിമുറികളും നിർമ്മിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചു.
നഗരത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ 10 ലക്ഷം രൂപ വകയിരുത്തി.
സാധാരണക്കാരുടെ ക്ഷേമത്തിനും പരിസ്ഥിതി സംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകുന്ന വികസന സൗഹൃദ ബജറ്റാണിതെന്ന് ഉപാധ്യക്ഷൻ ഷമീം കിഴക്കിനിയകത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *