കുടുംബ വഴക്കിനിടെ കത്തി ഉപയോഗിച്ച് അച്ഛന്റെ ആക്രമണം; പ്ലസ് ടു വിദ്യാർഥിനിക്ക് പിന്നാലെ ഭാര്യാ സഹോദരിയുടെ ഭർത്താവും മരിച്ചു
മഞ്ചേശ്വരം : കുടുംബ വഴക്കിനിടെ അച്ഛന്റെ കുത്തേറ്റ് മരിച്ച പ്ലസ് ടു വിദ്യാർഥിനിക്ക് പിന്നാലെ ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. പ്രതിയായ ഉമ്മർ ഫാറൂഖിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേക്കുഞ്ഞാണ് (53) മരിച്ചത്. കുഞ്ചത്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപം തുമിനാട് ഹിൽടോപ് നഗറിലെ ജുമൈല (19) ഇന്നലെ (തിങ്കളാഴ്ച) മരിച്ചിരുന്നു.
ഷേക്കുഞ്ഞിയുടെ വീട്ടിലെത്തിയാണ് ഉമ്മർ ഫാറൂഖ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജുമൈലയും ഉമ്മ താഹിറയും ഇവിടെയാണ് താമസിച്ചിരുന്നത്. പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഇരുവരുടെയും ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. ബന്ധം വേർപിരിയുന്നെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ചു പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയ 10 സെന്റ് സ്ഥലം തിരിച്ച് എഴുതിത്തരണമെന്ന് ഉമ്മർ ആവശ്യപ്പെട്ടു. ഈ സ്വത്ത് മകളുടെ പഠനത്തിനും മറ്റും വേണമെന്നു താഹിറയും ഷേക്കുഞ്ഞിയും പറഞ്ഞു.
ഇതിൽ പ്രകോപിതനായ ഉമ്മർ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സ്കൂളിൽ നിന്നെത്തിയ മകൾ ജുമൈലയ്ക്ക് തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജുമൈലയെ രക്ഷിക്കാനായില്ല.
ഗൾഫിലായിരുന്ന ഉമ്മർ ഫാറൂഖ് 2 മാസം മുൻപാണ് നാട്ടിലെത്തിയത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഉമ്മർ ഫാറൂഖിനെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്നും മൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
