വീട്ടമ്മയെ ആക്രമിച്ചു സ്വർണ്ണം കവർന്ന കേസിൽ വൻ ട്വിസ്റ്റ്; സ്ത്രീ വേഷത്തിലെത്തിയ കള്ളൻ അയൽവാസി; വന്നത് എസ്‌ഐആർ ഫോമുമായി..!
കൽപകഞ്ചേരി ആതവനാട് പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തി പ്രായമായ സ്ത്രീയെ മർദ്ദിച്ചു സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിൽ. അയൽവാസിയായ ഷാക്കിറിനെയാണ് കൽപകഞ്ചേരി പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. എസ്‌ഐആർ ഫോമിലെ വിവരങ്ങൾ പൂരിപ്പിക്കാനെന്ന വ്യാജേനയാണ് പ്രതി നബീസ എന്ന വീട്ടമ്മയുടെ അടുത്തെത്തിയത്.
വിവരങ്ങൾ നൽകാനായി ആധാർ കാർഡ് എടുക്കാൻ വീടിനുള്ളിലേക്ക് പോയ നബീസയെ പ്രതി പിന്തുടരുകയും വീടിനുള്ളിൽ വെച്ച് ബലമായി കീഴ്പ്പെടുത്തി ഭീഷണിപ്പെടുത്തി സ്വർണ്ണം തട്ടിയെടുക്കുകയുമായിരുന്നു.
മൂന്ന് പവൻ തൂക്കം വരുന്ന മാലയും വളയുമാണ് പ്രതി കവർന്നത്. മോഷണത്തിനിടയിൽ പ്രതിയുടെ ക്രൂരമായ മർദ്ദനമേറ്റ നബീസ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
സ്ത്രീ വേഷം ധരിച്ചെത്തി കൃത്യം നടത്തിയതിനാൽ പ്രതിയെ തിരിച്ചറിയാൻ ആദ്യം പ്രയാസമുണ്ടായെങ്കിലും പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് അയൽവാസിയായ ഷാക്കിറിലേക്ക് സൂചനകൾ ലഭിച്ചത്.
മോഷണം പോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
