2025ല്‍ ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തത് 5,708 വാഹനാപകടങ്ങള്‍; 253 മരണം, 3,302 പേർക്ക് പരിക്ക്; ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനാപകടങ്ങൾ തന്നെ..!
മലപ്പുറം ജില്ലയില്‍ 2025ല്‍ റിപ്പോർട്ട് ചെയ്തത് 5,708 വാഹനാപകടങ്ങള്‍. ഇതില്‍ 253 പേർ മരിക്കുകയും 3,302 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021 മുതലുള്ള റോഡപകടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ കഴിഞ്ഞ വർഷമാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇരുചക്ര വാഹനാപകടങ്ങളാണ് കൂടുതല്‍, 3024 എണ്ണം. 186 പേർ മരിക്കുകയും 2,291 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടുപിന്നില്‍ കാർ അപകടങ്ങളാണ്. 1,365 കാറപകടങ്ങളിലായി 24 പേർ മരിക്കുകയും 319 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
569 ഓട്ടോറിക്ഷാ അപകടങ്ങളിലായി 30 പേർ മരിക്കുകയും 397 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 362 ബസ് അപകടങ്ങളാണ് നടന്നത്. ഇതില്‍ ആറ് പേർ മരിക്കുകയും 268 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 388 ലോറി, ടിപ്പർ അപകടങ്ങളിലായി ഏഴ് പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു.
അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തത്, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കല്‍, റെഡ് സിഗ്നല്‍ അവഗണിക്കുക, തെറ്റായ ദിശയില്‍ വണ്ടിയോടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍.
റോഡില്‍ മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധന കണ്ടാല്‍ ബൈക്കിന്റെ വിവരങ്ങള്‍ ലഭിക്കാതിരിക്കാൻ പിറകിലിരിക്കുന്നയാള്‍ നമ്പർ പ്ലേറ്റ് കാല് കൊണ്ട് മറച്ചുപിടിക്കുന്ന പ്രവണതയുണ്ട്. ക്യാമറകളും മറ്റും പരിശോധിച്ച് ഇത്തരം കുട്ടിഡ്രൈവർമാരെ പിടികൂടാറാണ് പതിവ്.
ബൈക്കില്‍ അള്‍ട്രേഷൻ നടത്തുന്നതിലും മുന്നില്‍ കുട്ടി ഡ്രൈവർമാരാണ്. ബൈക്കിലെ രണ്ട് മിററുകളും അഴിച്ചു മാറ്റിയും വലിയ ശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചും അടക്കം നിരത്തില്‍ ചീറിപ്പായുന്നവരുണ്ട്.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകളുടെ വരവോടെ ജനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കുക എന്നത് ശീലമായി മാറിക്കഴിഞ്ഞു. എന്നാല്‍, പലരും ചിൻ സ്ട്രാപ്പ് ടൈറ്റ് ആക്കാത്തത് കണ്ടുവരുന്നുണ്ട്.
