പരപ്പനങ്ങാടിയിൽ രണ്ട് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു.
പരപ്പനങ്ങാടി : കേരളത്തിലൂടെ ഓടുന്ന രണ്ട് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. 16334 നമ്പർ തിരുവനന്തപുരം – വെരാവൽ എക്സ്പ്രസ്, 16336 നമ്പർ നാഗർകോയിൽ – ഗാന്ധിധാം വീക്കിലി എക്സ്പ്രസ് എന്നിവക്കാണ് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിച്ചത്.
കോവിഡിന് മുൻപ് ഈ മൂന്ന് നമ്പർ വണ്ടികൾക്കും പരപ്പനങ്ങാടിയിൽ സ്റ്റോപ്പുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീടത് നിർത്തലാക്കുകയായിരുന്നു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ 16336,16334, 12618 എന്നീ നമ്പർ തീവണ്ടികളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് സിപിഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ മന്ത്രിക്ക് 1001 കാർഡുകളയച്ചിരുന്നു.
തുടർന്ന് പി.പി.സുനീർ എംപി പാലക്കാട് ഡിവിഷൻ മാനേജർക്ക് കത്തയച്ചിരുന്നു. ശേഷം റെയിൽവേ മന്ത്രിയെ നേരിൽകണ്ട് വിഷയം അവതരിപ്പിക്കുകയും പരിഗണിക്കാമെന്ന് ഉറപ്പും നൽകിയിരുന്നു.
പാലക്കാട് ഡിവിഷനിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് പരപ്പനങ്ങാടി. കാലിക്കറ്റ് സർവകലാശാലയിലേക്കുള്ള വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്ന വണ്ടികളാണിവ. കേരളത്തിൽ 16 ട്രെയിനുകൾക്കാണ് റെയിൽവേ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
പരപ്പനങ്ങാടിയിൽ 12618 നമ്പർ നിസാമുദ്ദീൻ എറണാകുളം മംഗള എക്സ്പ്രസ്സ് വണ്ടിക്കും സ്റ്റോപ്പ് അനുവദിക്കാൻ വീണ്ടും സമ്മർദ്ദം ചെലുത്തുമെന്ന് സിപിഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സകരിയ കേയി പറഞ്ഞു.
