കരിപ്പൂർ വ്യൂ പോയിന്റിൽ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു; വീണത് ഇന്ന് പുലർച്ചെ
കരിപ്പൂർ വിമാനത്താവള പരിസരത്തെ വെങ്കുളം വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ് ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ (30) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയുണ്ടായ അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിതിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകാരും സന്നദ്ധ സേനാ പ്രവർത്തകരും ചേർന്നാണ് താഴ്ചയിൽ വീണ ജിതിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും കാണാൻ ഒട്ടേറെ സഞ്ചാരികൾ എത്തുന്ന കരിപ്പൂർ റൺവേയുടെ വടക്കുഭാഗത്തുള്ള വെങ്കുളം കുന്നിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള താഴ്ചയും മണ്ണ് ഇടിയാൻ സാധ്യതയുമുള്ള ഈ പ്രദേശം അതീവ അപകടമേഖലയാണ്.
താഴെ കാടുകൾ പോലെയുള്ള സ്ഥലം ആണ്. ഇവിടെ പാറകളും ഉണ്ട്. ഇവിടേക്ക് ആണ് ഇദ്ദേഹം വീണത്. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്.
മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ കരിപ്പൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
