NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബി.പി.എൽ സൗജന്യ കുടിവെള്ളം: അപേക്ഷകൾ ജനുവരി ഒന്നുമുതൽ; വാടകക്കാർക്കും ആനുകൂല്യം..!

കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യ കുടിവെള്ള ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള സമയം ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്നു. പ്രതിമാസം 15 കിലോലിറ്റർ (15,000 ലിറ്റർ) വരെ മാത്രം ജല ഉപഭോഗമുള്ള ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

2026-ൽ ആനുകൂല്യം തുടരാൻ ആഗ്രഹിക്കുന്ന നിലവിലെ ഉപഭോക്താക്കളും പുതുതായി ചേരാൻ ആഗ്രഹിക്കുന്നവരും ജനുവരി 31-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

ഓൺലൈൻ വഴി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. http://bplapp.kwa.kerala.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്.

ഉപഭോക്താക്കളുടെ ഇ-അബാക്കസ് വിവരങ്ങൾ സിവിൽ സപ്ലൈസ് വെബ്സൈറ്റിലെ റേഷൻ കാർഡ് വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷമാണ് അർഹത നിശ്ചയിക്കുക. കേടായ മീറ്ററുകൾ ഉള്ളവരും കുടിശ്ശിക വരുത്തിയവരും ജനുവരി 31-നകം മീറ്റർ മാറ്റുകയും കുടിശ്ശിക തീർക്കുകയും ചെയ്താൽ മാത്രമേ അപേക്ഷകൾ പരിഗണിക്കുകയുള്ളൂ.

ഈ വർഷം മുതൽ വാടക വീടുകളിൽ താമസിക്കുന്ന ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം. ഇവർ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകർപ്പും വീടുടമസ്ഥന്റെ സമ്മതപത്രവും ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വാട്ടർ അതോറിറ്റിയുടെ സെക്ഷൻ ഓഫീസുമായോ 1916 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാം.

ജല ഉപഭോഗം 15 കിലോലിറ്ററിൽ കവിഞ്ഞാൽ ആ മാസത്തെ മുഴുവൻ തുകയും ഉപഭോക്താവ് അടയ്ക്കേണ്ടി വരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *