കൊല്ലത്ത് കൊടുംക്രൂരത; ലഹരിക്കടിമയായ ചെറുമകന്‍ മുത്തശ്ശിയെ കഴുത്തറുത്ത് കൊന്നു; തല കവറിലിട്ട് സൂക്ഷിച്ചു
കൊല്ലം ചവറയില്‍ മുത്തശ്ശിയുടെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ട് സൂക്ഷിച്ച് ചെറുമകന്‍. ചവറ വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് (70)കൊല്ലപ്പെട്ടത്. കൊച്ചുമകന്‍ ഷഹനാസിനെ(28) ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയറുത്ത് പ്രത്യേകം കവറിലാക്കി സൂക്ഷിച്ചുവെന്നാണ് നാട്ടുകാര്‍ ഉള്‍പ്പെടെ പറയുന്നത്.
കൊലപാതകം കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് അറിയിച്ചു. മുംതാസിന്റെ മാതാവിനെയാണ് ഷഹനാസ് കൊലപ്പെടുത്തിയത്. ഷഹനാസ് ലഹരിയ്ക്ക് അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
പെന്‍ഷന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പകയിലാണ് ക്രൂര കൊലയെന്നാണ് പൊലീസ് ഈ ഘട്ടത്തില്‍ സംശയിക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഏറെ പണിപ്പെട്ടാണ് ഷഹനാസിനെ കീഴ്‌പ്പെടുത്തിയതെന്നാണ് നാട്ടുകാര്‍ ഉള്‍പ്പെടെ പറയുന്നത്.
ലഹരിയ്ക്ക് ഈ വിധത്തില്‍ അടിമയായ ഒരാളെ ഈ നാട്ടില്‍ ഒരു നിമിഷം പോലും നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാരും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഇന്ന് സന്ധ്യയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ഇയാള്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സംഭവത്തില്‍ നാട്ടുകാരുടെ വിശദമായ മൊഴി പൊലീസ് ശേഖരിച്ച് വരികയാണ്. മുംതാസിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം.
