കോട്ടക്കലിൽ മഹാമേള സ്ഥാപനത്തിൽ വൻ തീപിടുത്തം
കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ഇന്ന് പുലർച്ചെ 5.30 നായിരുന്നു സംഭവം. കെട്ടിടത്തിനുളിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപെടുത്തി. ഫയര്‍ ഫോഴ്സ് തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 200 രൂപ മഹാമേള എന്ന സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.
താല്കാലികമായി ഉണ്ടാക്കിയ കടയായതിനാല്‍ ഫ്ളക്സുകളും മറ്റും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഇതാണ് അപകടത്തിന്റെ ആഘാതം കൂടുതൽ ഉണ്ടാക്കാൻ കാരണമായത് എന്നാണ് പോലീസിന്റെ വിശദീകരണം. കൂടാതെ തൊട്ടടുത്തുണ്ടായിരുന്ന ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു. മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുളള കാര്യങ്ങളാണ്.
കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തായി സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് പെണ്‍കുട്ടികള്‍ സ്ഥിരമായി താമസിക്കുന്നുണ്ടായിരുന്നു. ഇവരെയാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടികള്‍ മുകളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ രണ്ട് പേരിൽ ഒരാൾക്ക് ചെറിയ തോതിൽ പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീ അണയ്ക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമായിട്ടില്ല. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംവിധാനങ്ങള്‍ ചേര്‍ന്നാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. തീപിടിത്തമുണ്ടായ സ്ഥാപനത്തോട് ചേര്‍ന്ന് നിരവധി വസ്ത്ര വ്യാപാര സ്ഥാപനങ്ങളുള്ളതിനാല്‍ തീ പടരുമോ എന്ന ആശങ്കയുമുണ്ട്.
