ഇനി മുതൽ പരപ്പനങ്ങാടിയിൽ സാനിറ്ററി മാലിന്യങ്ങളും ശേഖരിക്കും
പരപ്പനങ്ങാടി : നഗരസഭയിൽ വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള സാനിറ്ററി നാപ്കിനുകൾ, ഗ്ലൗസുകൾ, യൂറിൻ ബാഗുകൾ, ഡ്രസ്സിംഗ് സാമഗ്രികൾ, കാലഹരണപ്പെട്ട മരുന്നുകൾ തുടങ്ങിയ ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി.
സർക്കാർ ചുമതലപ്പെടുത്തിയ ‘ആക്രി’ ഏജൻസിയുമായി സഹകരിച്ചാണ് ഈ പദ്ധതി ആരംഭിച്ചത്. മാലിന്യം ശേഖരിക്കൽ ‘ആക്രി’ ആപ്പ് മുഖേന (ഗൂഗിൾ പ്ലേസ്റ്റോർ ആപ്പ് സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്) ബുക്ക് ചെയ്യാം. കൂടാതെ ടോൾഫ്രീ നമ്പർ 08031405048 അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ 7591911110 വഴിയും ബന്ധപ്പെടാം.
ബന്ധപ്പെട്ട ഏജൻസി പ്രതിനിധികൾ വീടുകളിലെത്തിയാണ് മാലിന്യം ശേഖരിക്കുക. ശേഖരിച്ച മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ശുചിത്വ മിഷൻ അംഗീകൃത ആക്രി ഏജൻസി വഴിയാണ് കൈമാറുക. ഒരു കിലോ മാലിന്യത്തിന് 45 + 5% ജി.എസ്.ടി ഫീസായി ഈടാക്കുന്നതാണ്.
എട്ട് രൂപ വിലയുള്ള നോൺ ക്ലോറിനേറ്റഡ് ബാഗുകൾ ഏജൻസി വീടുകളിലേക്ക് വിതരണം ചെയ്യും, ഈ ബാഗുകളിലായിരിക്കും സാനിറ്ററി മാലിന്യങ്ങൾ ഏജൻസിക്ക് കൈമാറേണ്ടത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് നിർവഹിച്ചു.
ഉപാധ്യക്ഷ ബി.പി. ഷാഹിദ, കൗൺസിലർമാരായ ഖൈറുന്നിസ താഹിർ, ക്ലീൻ സിറ്റി മാനേജർ ജയചന്ദ്രൻ, കെഎസ്ഡബ്ലുഎംപി എഞ്ചിനീയർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
