ശക്തമായ ഇടിമിന്നലിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് പൂർണമായും കത്തിനശിച്ചു.


തിരുരങ്ങാടി : കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശി കൊടിയിൽ അബ്ദുൽ സലാമിന്റെ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ട ബൈക്ക് ആണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അബ്ദുൽ സലാമിന്റെ മകൻ അജ്മൽ ഉപയോഗിക്കുന്ന കെ എൽ 65 എച്ച് 851 നമ്പറിലുള്ള ഹീറോ ഹോണ്ട ഗ്ലാമർ ബൈക്ക് ആണ് ഇടിമിന്നലേറ്റ് കത്തിനശിച്ചത്.
ശക്തമായ ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പെട്ടെന്നുതന്നെ വെള്ളമെടുത്ത് തീ അണക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ബൈക്ക് പൂർണമായും കത്തിനശിച്ചു.
സമീപത്തുതന്നെ അബ്ദുൽ സലാംമിന്റെ സഹോദരന്റെ ബുള്ളറ്റ് ബൈക്ക് ഉണ്ടായിരുന്നെങ്കിലും ഇതിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും ആണ് അനുഭവപ്പെട്ടിരുന്നത്.