തുലാംമഴയ്ക്ക് പിന്നാലെ വൈറൽ പനി വ്യാപിക്കുന്നു: ഒരാഴ്ചക്കിടെ ചികിത്സ തേടിയത് പതിനായിരത്തിലധികം പേർ; ഡെങ്കിപ്പനി ആശ്വാസം, മഞ്ഞപ്പിത്തം ആശങ്ക..

തുലാംമഴ ആരംഭിച്ചതിനു പിന്നാലെ മലപ്പുറം ജില്ലയിൽ വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ ദിവസം മാത്രം 1,603 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.
ഒരാഴ്ചക്കിടെ 10,423 പേർ പനിക്ക് ചികിത്സ തേടിയതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ 32 പേരെ കിടത്തി ചികിത്സിക്കേണ്ടി വന്നു. ക്ലിനിക്കുകളിലും ഇതര ചികിത്സാ വിഭാഗങ്ങളിലും ചികിത്സ തേടുന്നവരുടെ കണക്കുകൾ ഇതിലുൾപ്പെടുന്നില്ല.
പനി ഭേദമായ ശേഷവും ഏറെനാൾ നീണ്ടുനിൽക്കുന്ന ചുമയും കഫക്കെട്ടുമാണ് രോഗികളെ പ്രധാനമായും വലയ്ക്കുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഈ രോഗാവസ്ഥ പിടികൂടുന്നുണ്ട്.
അതേസമയം, ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി കേസുകൾ കുറഞ്ഞത് ആരോഗ്യവകുപ്പിന് ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഏലംകുളം, പൂക്കോട്ടൂർ, എ.ആർ. നഗർ എന്നിവിടങ്ങളിലായി മൂന്ന് ഡെങ്കിപ്പനി കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. തവനൂർ, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ രണ്ട് എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ, മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. പത്ത് ദിവസത്തിനിടെ 61 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മലയോര മേഖലകളിൽ രോഗം പൊട്ടിപ്പുറപ്പെട്ടെങ്കിലും കാളികാവിൽ ഉൾപ്പെടെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
മലിനമായ വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം പ്രധാനമായും പടരുന്നത്. കൃത്യ സമയത്ത് രോഗം തിരിച്ചറിഞ്ഞ് ശാസ്ത്രീയ ചികിത്സ തേടാത്തതും വിശ്രമം ഇല്ലാത്തതും രോഗം ഗുരുതരമാക്കാൻ ഇടയാക്കിയേക്കാം.
മഴയും വെയിലും ഇടവിട്ടുള്ള ഈ കാലാവസ്ഥയിൽ ഡെങ്കി കൊതുകുകൾ പെരുകാൻ സാധ്യതയുണ്ട്. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കി പരിസര ശുചീകരണത്തിൽ അലംഭാവം കാണിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
