നേന്ത്രക്കായ വിലയിടിവ്: മലയോര കർഷകർക്ക് വൻ തിരിച്ചടി; കിലോയ്ക്ക് 18 രൂപ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ..!
സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിലത്തകർച്ചയാണ് നേന്ത്രക്കായ വിപണിയിൽ അനുഭവപ്പെടുന്നത്. മുടക്കുമുതൽ പോലും തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ മലയോര കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
കഴിഞ്ഞ ഓണത്തിനു മുൻപ് ഒരു കിലോ നേന്ത്രക്കായക്ക് 50 മുതൽ 55 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ നിലവിൽ മുന്തിയ ഇനം നേന്ത്രക്കായ കർഷകരിൽ നിന്ന് വ്യാപാരികൾ ശേഖരിക്കുന്നത് കിലോയ്ക്ക് 18 രൂപ നിരക്കിലാണ്. അതേസമയം, ഇത് ചില്ലറ വിപണിയിൽ 50 രൂപയ്ക്കാണ് വിൽക്കുന്നത്. ചില ദിവസങ്ങളിൽ ഈ വിലയ്ക്കും നേന്ത്രക്കായ വാങ്ങാൻ വ്യാപാരികൾ തയ്യാറാകുന്നില്ല.
ഉത്പാദനം വർദ്ധിച്ചതും ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള നേന്ത്രക്കായ ഇറക്കുമതിയുമാണ് കർഷകർക്ക് വിനയായത്. അമിത കൂലി നൽകിയും പ്രതികൂല കാലാവസ്ഥയെ തരണം ചെയ്തും കൃഷി ചെയ്ത കർഷകർക്ക് വിളവെടുപ്പ് തുടങ്ങിയപ്പോൾ ഉത്പാദനച്ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയായി.
ഇതേത്തുടർന്ന് കൃഷി വകുപ്പ് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി വിവിധ കർഷക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് തൊഴിലവസരങ്ങൾ നഷ്ടപ്പെട്ട സാധാരണ ജനങ്ങളും തൊഴിലാളികളും സാമ്പത്തിക ഞെരുക്കത്തിലായതാണ് നേന്ത്രപ്പഴ വിപണിയിൽ മാന്ദ്യം സൃഷ്ടിക്കാൻ മറ്റൊരു കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
കാർഷിക പ്രതിസന്ധിക്ക് പുറമെ വന്യജീവികളുടെ ശല്യവും കർഷകരെ വലയ്ക്കുന്നുണ്ട്. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, വാനരപ്പട തുടങ്ങിയവ കൃഷിക്കാർക്ക് പേടിസ്വപ്നമാണ്.
രാസവളത്തിന്റെയും മറ്റും വില വർദ്ധനവ് കാരണം വൻ തുക ചെലവഴിച്ചാണ് മലയോര ജനത നേന്ത്രവാഴ കൃഷിയിൽ ഏർപ്പെടുന്നത്. വന്യജീവികളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ രാവും പകലും കാവലിരിക്കുന്നതിനും വൻ തുക ചെലവഴിക്കണം.
നഷ്ടം സഹിക്കാൻ വയ്യാതെ കർഷകർ നേന്ത്രക്കുലകൾ മലയോര ഗ്രാമങ്ങളിലെ റോഡരികിൽ കൂട്ടിയിട്ട് തുച്ഛമായ വിലയ്ക്ക് പൊതുജനങ്ങൾക്ക് വിൽക്കുന്ന കാഴ്ചകളും സാധാരണമായിട്ടുണ്ട്. പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്നവരാണ് ഈ പ്രതിസന്ധിയിൽ കൂടുതൽ ദുരിതത്തിലായിരിക്കുന്നത്.
