NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നാല് പേർക്ക് പുതുജീവനേകി അമൽ ബാബു യാത്രയായി; ഹൃദയം മലപ്പുറം സ്വദേശിയിൽ മിടിക്കും

കൊച്ചി: നാല് പേർക്ക് പുതുജീവൻ നൽകി അമൽ ബാബു(25) യാത്രയായി. വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം, മലയിൻകീഴ് തച്ചോട്ട് കാവ് സ്വദേശിയായ അമൽ ബാബുവിന്റെ ഹൃദയം ഉൾപ്പെടെയുള്ള നാല് അവയവങ്ങളാണ് ദാനം ചെയ്തത്.

അമലിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ 33-കാരനിൽ മിടിക്കും. ഹൃദയം കൂടാതെ, അമലിന്റെ കരൾ, രണ്ട് വൃക്കകൾ എന്നിവയും ദാനംചെയ്തു. ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് എറണാകുളത്തേക്ക് ഹൃദയം വേഗത്തിൽ എത്തിച്ചത്. റോഡ് മാർഗമുള്ള ഗതാഗതം പോലീസിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരുന്നു.

 

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ രോഗിക്കാണ് ഒരു വൃക്ക ദാനംചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്ക് അമലിന്റെ രണ്ടാമത്തെ വൃക്കയും മറ്റൊരു രോഗിക്ക് കരളും ദാനംചെയ്യും. തീവ്രമായ ദുഃഖത്തിനിടയിലും അവയവം ദാനംചെയ്യാൻ സന്നദ്ധത കാണിച്ച അമൽ ബാബുവിന്റെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ഇഞ്ചക്കലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയായിരുന്ന അമലിന് ഒക്ടോബർ 12-ന് രാത്രി ഒൻപതിനാണ് അപകടം സംഭവിച്ചത്.

 

ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കുണ്ടമൺ കടവിന് സമീപംവെച്ച് അമൽ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടൻ  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 15-ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!