വിടാതെ കോവിഡ്; ഈ വർഷം കേരളത്തിൽ മരിച്ചത് 58 പേർ; അഞ്ചര വർഷത്തിനിടെ 69.30 ലക്ഷം പേർക്ക് ബാധിച്ചു; മരിച്ചത് 72,175 പേർ..!


കഴിഞ്ഞ അഞ്ചര വർഷത്തിനിടെ കേരളത്തിൽ 69.30 ലക്ഷം പേർക്ക് കോവിഡ് ബാധിക്കുകയും 72,175 പേർ മരിക്കുകയും ചെയ്തതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
2020 മുതൽ 2025 ഓഗസ്റ്റ് 8 വരെയുള്ള കണക്കുകളാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്. രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ 13.5% കേരളത്തിലാണ് സംഭവിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 8,816 പേരാണ് ഇവിടെ മരണപ്പെട്ടത്.
അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചതും മരിച്ചതും മഹാരാഷ്ട്രയിലാണ്. അവിടെ 81.81 ലക്ഷം പേർക്ക് രോഗം ബാധിച്ചപ്പോൾ 1.49 ലക്ഷം പേർ മരണപ്പെട്ടു.
രാജ്യത്തൊട്ടാകെ 4.51 കോടി പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.
കേരളത്തിൽ കോവിഡ് ബാധിച്ച ചിലരിൽ പോസ്റ്റ് കോവിഡ് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടും, ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഒരു പഠനവും നടത്തിയിട്ടില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ആരോഗ്യ വിദഗ്ദ്ധർക്കിടയിൽ ആശങ്കയുണ്ടായിട്ടുണ്ട്.
അതിഗുരുതരമായ ഒരു ആരോഗ്യപ്രശ്നമായി പോസ്റ്റ് കോവിഡ് കണക്കാക്കുമ്പോൾ, തുടർ പഠനങ്ങൾ നടത്താത്തത് വലിയ വീഴ്ചയാണെന്ന് ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.