താനൂര്‍ ബോട്ടപകടം; അന്വേഷണ റിപ്പോര്‍ട്ട് രണ്ടുമാസത്തിനുള്ളില്‍ സമര്‍പ്പിച്ചേക്കും


താനൂര്‍ തൂവല്‍ത്തീരം ബീച്ചില്‍ 2023 മേയ് ഏഴിനുണ്ടായ ബോട്ട് അപകടം അന്വേഷിക്കുന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് വി കെ മോഹനന്‍ കമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ സമര്‍പ്പിച്ചേക്കും. അന്വേഷണത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. രണ്ടാംഘട്ടം ഇന്ന് മുതല്‍ ഒക്ടോബര്‍ 23 വരെ വിവിധയിടങ്ങളിലായി നടക്കും. ആദ്യഘട്ട നിഗമനങ്ങളും രണ്ടാംഘട്ടത്തിലെ നിഗമനങ്ങളും ചേര്‍ത്തായിരിക്കും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്ന് പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജസ്റ്റിസ് വി കെ മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തിയാണ് യാത്രാബോട്ടാക്കി മാറ്റിയത്. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് രണ്ടാംഘട്ടത്തിലെ തെളിവെടുപ്പില്‍ അന്തിമ തീരുമാനത്തിലെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടത്തില്‍, അപകടത്തിന് ഇടയാക്കിയ സാഹചര്യം, അപകടത്തില്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉള്ള ഉത്തരവാദിത്തം എന്ത് എന്നതാണ് പരിശോധിച്ചത്. ലൈസന്‍സിങ്, എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളുടെ പര്യാപ്തത, ജലഗതാഗത മേഖലയിലെ സുരക്ഷാ പരിഹാരങ്ങള്‍, മുന്‍കാല അന്വേഷണ റിപ്പോര്‍ട്ടുകളുടെ നടപ്പാക്കല്‍ എന്നിവയാണ് രണ്ടാംഘട്ടത്തില്‍ പരിശോധിക്കുന്നത്.
ഇന്ന് രാവിലെ 11ന് തിരുവനന്തപുരം പൂവാര്‍ പഞ്ചായത്ത് ഹാളിലാണ് കമ്മിഷന്റെ രണ്ടാംഘട്ടിലെ ആദ്യ സിറ്റിങ്. 11ന് കൊല്ലം ഡിടിപിസി കോണ്‍ഫറന്‍സ് ഹാള്‍, ഉച്ചയ്ക്ക് 2.30ന് കൊല്ലം സാമ്പ്രാണിക്കോടി ജെട്ടി പഞ്ചായത്ത് ലേലം ഹാള്‍, 12ന് രാവിലെ 11ന് പത്തനംതിട്ട ഗവി കെഎഫ്ഡിസി ഹാള്‍, 16ന് രാവിലെ 10ന് കുമരകം കവണാറ്റിന്‍കര ഡിസ്ട്രിക്ട് ടൂറിസം ഓഫീസ്, ഉച്ചയ്ക്ക് 2.30ന് പുളിങ്കുന്ന് പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെര്‍മിനല്‍, 18ന് രാവിലെ 11ന് ആലപ്പുഴ പുന്നമട ഫിനിഷിങ് പോയിന്റിലെ ഡിസ്ട്രിക്ട് ടൂറിസ്റ്റ് ഓഫീസ്, 20ന് രാവിലെ 11ന് എറണാകുളം മറൈന്‍ഡ്രൈവ് കമ്മിഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, 22ന് രാവിലെ 11ന് എറണാകുളം ഭൂതത്താന്‍കെട്ട് ഇറിഗേഷന്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ്, 23ന് രാവിലെ 11ന് ഇടുക്കി മാട്ടുപ്പെട്ടി ദേവികുളം പഞ്ചായത്ത് ഹാള്‍, 24ന് രാവിലെ 11ന് ഇടുക്കി സിവില്‍ സ്റ്റേഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, 25ന് രാവിലെ 11ന് ഇടുക്കി കുമളി ഡിടിപിസി ഹാളിലും സിറ്റിങ് നടക്കും.
ഒക്ടോബര്‍ 13ന് രാവിലെ 11ന് കാസര്‍കോട് കാഞ്ഞങ്ങാട് നീലേശ്വരം ബോട്ട് ടെര്‍മിനല്‍, 14ന് രാവിലെ 11ന് കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, 15ന് രാവിലെ 10.30ന് കോഴിക്കോട് എലത്തൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയം, ഉച്ചയ്ക്ക് 2.30ന് ബേപ്പൂര്‍ പോര്‍ട്ട് ഓഫിസിലും 17ന് രാവിലെ 11ന് വയനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, 18ന് ഉച്ചയ്ക്ക് മൂന്നിന് പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, 21ന് രാവിലെ 11ന് തൃശൂര്‍ അഴിക്കോട് കേരള മാരിടൈം അക്കാഡമി ഹാള്‍, 22ന് രാവിലെ 11ന് മലപ്പുറം തിരൂര്‍ വാഗണ്‍ ട്രാജഡി ഹാള്‍, 23ന് രാവിലെ 11ന് മലപ്പുറം അരീക്കോട് കമ്മ്യൂണിറ്റി ഹാളിലും ഹിയറിങ്നടക്കും.