NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു

പ്രശസ്ത ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ ആദ്യ വനിത ഫോറൻസിക് സർജനാണ്. മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു.

2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചു. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്കു തുമ്പുണ്ടാക്കിയ ഫോറൻസിക് സർജൻമാരിൽ ഒരാളാണ് ഡോ. ഷേർളി വാസു. ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്റ്റ്മോർട്ടം നടത്തിയത് ഡോക്ടർ ഷേർലി വാസുവായിരുന്നു. പോസ്റ്റ്മോർട്ടം ടേബിൾ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

1956ൽ തൊടുപുഴയിലാണ് ഷേർളി വാസുവിന്റെ ജനനം. കോട്ടയം മെഡിക്കൽ കോളജിൽനിന്നും എംബിബിഎസും കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഫോറൻസിക് മെഡിസിനിൽ എംഡി ബിരുദവും നേടി. 1982 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ അധ്യാപികയായി.

1996-ൽ ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പിൽ സ്ത്രീകളുടെയും കുട്ടികളുടെയും നേർക്കുള്ള അതിക്രമങ്ങൾ, ഭീകരാക്രമണങ്ങളിലെ പരിക്കുകൾ ഇവയിൽ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി. 2001 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിയായിരുന്നു. തൃശ്ശൂർ ഗവ. മെഡിക്കൽകോളജ് പ്രിൻസിപ്പലായിരിക്കേ 2016ലാണ് വിരമിച്ചത്. ഭർത്താവ് ഡോ. കെ. ബാലകൃഷ്ണൻ. മക്കൾ: നന്ദന, നിതിൻ.

Leave a Reply

Your email address will not be published. Required fields are marked *