ജോലിക്കിടെ നാലാം നിലയില്‍നിന്ന് കൈവിട്ട് വീണത് ഇരുമ്പ് കോണിയിലേക്ക്; കമ്പി ഇടുപ്പിലൂടെ തുളച്ച് പുറത്തു വന്നു; യുവാവിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ..!


വയറിംഗ് ജോലിക്കിടെ നാലാം നിലയിൽനിന്ന് താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ യുവാവിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ചങ്ങരംകുളം സ്വദേശി 21-കാരനായ സാദിഖ് അലിയാണ് മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
കെട്ടിടത്തിന്റെ നാലാം നിലയിൽ ജോലി ചെയ്യുകയായിരുന്ന സാദിഖ് അലി അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. താഴെ ചരിച്ച് വെച്ചിരുന്ന ഇരുമ്പ് കോണിയിലേക്ക് വീണ സാദിഖിന്റെ ഇടുപ്പിലൂടെ കോണി തുളച്ചുകയറി. വീഴ്ചയുടെ ആഘാതത്തിൽ കോണിയുടെ മൂർച്ചയേറിയ ഭാഗം ശരീരത്തിന്റെ ഒരു വശത്തുകൂടി തുളച്ചുകയറി പുറത്തേക്ക് വന്നു.
തുളച്ചുകയറിയ ഭാഗമൊഴികെ കോണിയുടെ ബാക്കി ഭാഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷമാണ് സാദിഖിനെ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
നാല് മണിക്കൂറോളം നീണ്ടുനിന്ന സങ്കീർണ്ണമായ ശസ്ത്രക്രിയക്കൊടുവിലാണ് ഡോക്ടർമാർ സാദിഖിന്റെ ജീവൻ രക്ഷിച്ചത്. ഇടുപ്പിൽ തുളച്ചുകയറിയ കോണി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു. നിലവിൽ സാദിഖ് സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ.