കേരളത്തിലെ പുരുഷൻമാരിൽ ആറിലൊരാൾക്ക് 75 വയസ്സിനുള്ളിൽ അർബുദ സാധ്യത; സ്‌ത്രീകളിൽ എട്ടിലൊരാൾക്കും

പ്രതീകാത്മക ചിത്രം

കോഴിക്കോട് : കേരളത്തിൽ പുരുഷൻമാരിൽ ആറിലൊരാൾക്കും സ്‌ത്രീകളിൽ എട്ടിലൊരാൾക്കും 75 വയസ്സിനുള്ളിൽ അർബുദം പിടിപെടാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിലുള്ള നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ആശങ്കാജനകമായ വിവരങ്ങൾ.
രാജ്യത്ത് 2015 മുതൽ 2019 വരെയുള്ള അർബുദബാധിതരുടെ എണ്ണവും മരണനിരക്കും വിശകലനം ചെയ്‌ത് നടത്തിയ പഠനത്തിൽ കേരളമാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ അപകടനിലയിലുള്ള സംസ്ഥാനം. കേരളത്തിൽ ഒരുലക്ഷം പുരുഷന്മാരിൽ 118.5 പേർക്കും ഒരു ലക്ഷം സ്‌ത്രീകളിൽ 100.6 പേർക്കും അർബുദ സാധ്യതയുണ്ട്. ആജീവനാന്ത സാധ്യത പുരുഷന്മാരിൽ 17.2 ശതമാനവും സ്ത്രീകൾക്ക് 13.0 ശതമാനവുമാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്തത് മിസോറമിലാണ്.
മിസോറമിന്റെ തലസ്ഥാനമായ ഐസോളിൽ ഒരു ലക്ഷം പുരുഷന്മാരിൽ 256.1, സ്ത്രീകളിൽ 217.2 എന്നിങ്ങനെയാണ് നിരക്ക്. അവിടെ ആജീവനാന്ത അർബുദ സാധ്യത പുരുഷന്മാരിൽ 21.1 ശതമാനവും സ്ത്രീകളിൽ 18.9 ശതമാനവുമാണ്. നാലിൽ ഒരാൾക്ക് 75 വയസ്സിന് മുമ്പ് അർബുദ സാധ്യതയുണ്ടെന്ന് ചുരുക്കം. പുരുഷന്മാരിൽ ഓറൽ, ശ്വാസകോശ, പ്രോസ്റ്റേറ്റ് ക്യാൻസറാണ് കൂടുതൽ. സ്ത്രീകളിൽ, സ്തന, സെർവിക്കൽ, അണ്ഡാശയ ക്യാൻസറും.
അർബുദത്തിന്റെ ദേശീയ ശരാശരി ഒരു ലക്ഷത്തിൽ 136 ആണ്. കേരളത്തിൽ ഇത് 168 ആണ്. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അർബുദ രോഗികൾ കൂടുതലുള്ളത്.
കേരളത്തിൽ അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നെന്ന കണക്കിന് പിന്നിൽ രണ്ട് കാര്യങ്ങൾക്കൂടിയുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ.സുരേഷ്‌കുമാർ പറയുന്നു. ക്യാൻസർ രോഗപരിശോധനയിലും റിപ്പോർട്ടിങ്ങിലും ചികിത്സയിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിലാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലയാളികളുടെ ആയുർദൈർഘ്യവും കൂടിയിട്ടുണ്ട്. അതുകൊണ്ട് പ്രായമായവരിലൊക്കെ രോഗം കണ്ടെത്തുന്നു.
മറ്റൊരുകാരണം മലയാളികളുടെ ആഹാരരീതിയിൽ വന്ന മാറ്റമാണ്. ഭക്ഷണശീലങ്ങളിലെ മാറ്റം ചെറുപ്പത്തിൽ തന്നെ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. സ്ത്രീകളിൽ സ്തനാർബുദം കൂടുന്നത് ഇതുകാരണമാണ്. മദ്യപാനവും ആഹാരശീലങ്ങളിലെ മാറ്റവും പുരുഷൻമാരിൽ കുടൽ, കരൾ എന്നിവയെ ബാധിക്കുന്ന ക്യാൻസർ കൂടുന്നതിന് കാരണമായെന്നും ഡോ. സുരേഷ് കുമാർ പറയുന്നു.