കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാള്‍ക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളവരുടെ എണ്ണം എട്ട്


കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒരാള്‍ക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചിക്തസയിലുള്ളവരുടെ എണ്ണം എട്ടായി. ഇന്നലെ 45കാരനായ വയനാട് ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
നിലവില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്നുപേര്‍ വീതവും വയനാട് ജില്ലയില്‍ നിന്നുള്‌ല രണ്ടുപേരുമാണ് ആശുപത്രിയിലുള്ളത്. ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ട് ഏഴു വയസുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്.
വീടിന് സമീപത്തെ കുളത്തില്‍ നിന്ന് ഈ കുട്ടിയും കുളിച്ചിരുന്നു. കഴിഞ്ഞ 14-ാം തീയതിയാണ് താമരശേരി ആനപ്പാറയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. അനയയും സഹോദരങ്ങളും മൂന്നാഴ്ച മുന്‍പ് വീടിന് സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.