തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ് ; പ്രതികള്‍ പിടിയില്‍


തെയ്യാല തട്ടത്തലം ഹൈസ്കൂൾപടിക്ക് സമീപം കാർ തടഞ്ഞ് നിർത്തി രണ്ടുകോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.
മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്. ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് എന്നിവർ ഉൾപ്പെടെ മൂന്ന് പേർ മലപ്പുറം ജില്ലക്കാരാണ്. നാലംഗ സംഘത്തിലെ ഒരാൾ സംസ്ഥാനത്തിന് പുറത്ത് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
നന്നമ്പ്ര തെയ്യാലിങ്ങൽ ഹൈസ്കൂൾ പടിയിൽ വെച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.50 നാണ് സംഭവം. തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്റഫ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.
കൊടിഞ്ഞിയിൽ നിന്ന് സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട 1.92 കോടി രൂപ വാങ്ങി വരുമ്പോൾ മേലേപ്പുറം ഇറക്കത്തിൽ വെച്ച് നീല കാർ ബ്ലോക്ക് ചെയ്ത്, കാറിൽ നിന്ന് ഇറങ്ങി വന്ന നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി വണ്ടി അടിച്ചു തകർത്ത് ബാഗിൽ സൂക്ഷിച്ച പണവുമായി പോവുകയായിരുന്നു. തുടർന്ന് കാർ കൊടിഞ്ഞി ഭാഗത്തേക്ക് ഓടിച്ചു പോയി. അഷ്റഫ് ആണ് കാർ ഓടിച്ചിരുന്നത്. ഹനീഫയുടേതാണ് പണം. ഹനീഫയുടെ കയ്യിന് പരിക്കേറ്റിരുന്നു.
ഇതിനു പിന്നാലെ സിസിടിവി കേന്ദ്രീകരിച്ചടക്കം അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രതികളെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. കൂടാതെ രണ്ട് ഡിവൈഎസ്പി മാരുടെയും മലപ്പുറം എസ്പിയുടെയും നേതൃത്വത്തിൽ പണമിടപാടിനെ കുറിച്ചറിയുന്നവരെ ചോദ്യം ചെയ്തെങ്കിലും അതിലും കാര്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല.
പ്രതികളെ കണ്ടെത്താൻ സാധിക്കാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളെ താനൂർ പൊലീസ് പിടികൂടിയത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.