രാഹുലിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ കെപിസിസി സമിതി; എംഎൽഎ സ്ഥാനം രാജിവെക്കില്ല, മുകേഷിനും കടകംപള്ളിക്കും സിപിഎം നൽകിയ പരിഗണന ആയുധം


രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ കെപിസിസി. രാഹുലിനെതിരായ ആരോപണങ്ങളിലെ സത്യങ്ങൾ സമിതി വിശദമായി പരിശോധിക്കും. ആരൊക്കെ സമിതിയിൽ ഉണ്ടാകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തത്കാലം എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ല എന്നാണ് കോൺഗ്രസിൻ്റെ നിലപാട്.
സമാനവിഷയങ്ങളിൽ രാജിവച്ച കീഴ്വഴക്കം സമീപകാലത്ത് ഒരു പാർട്ടിയിലെയും എംഎൽഎമാർ സ്വീകരിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. കോൺഗ്രസിലെ തന്നെ എം വിൻസന്റ്, എൽദോസ് കുന്നപ്പിള്ളി സിപിഎമ്മിലെ എം മുകേഷ്, കടകംപിള്ളി സുരേന്ദ്രൻ എന്നിവർക്കുള്ള പരിഗണന രാഹുലിനും നൽകാനാണ് പാർട്ടി തീരുമാനം.
അതേസമയം പാർട്ടി സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്തും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലിന് സീറ്റ് നൽകേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടന്നിട്ടുണ്ടെന്നാണ് വിവരങ്ങൾ. ആദ്യം പുറത്തുവന്നത് പേര് പറയാതെയുള്ള ആരോപണമായിരുന്നുവെങ്കിൽ പിന്നാലെ പേരു വെളിപ്പെടുത്തിയുള്ള ആരോപണങ്ങളും ശബ്‌ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നിരുന്നു. ഇതൊക്കെ വലിയ തോതിൽ കോൺഗ്രസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.