പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സാമ്പത്തിക ഇടപാടുകളെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പൊലീസ്..!


പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയതായി പരാതി. പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്.
ഇന്നലെ രാത്രിയാണ് സംഭവം. പാണ്ടിക്കാട് ജിഎല്‍പി സ്കൂളിന് സമീപത്ത് വെച്ചാണ് തട്ടിക്കൊണ്ടു പോയത്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിന് കാരണമെന്നാണ് സംശയം.
‘മകന് ഫാർമസി ബിസിനസ് ആണ്, ഇന്നോവ കാറിലാണ് പിടിച്ചുകൊണ്ടുപോയത്, വേറെയൊന്നും അറിയില്ല’ എന്നാണ് ഷമീറിന്റെ പിതാവ് പറയുന്നത്.
ആൾ താമസമുള്ള സ്ഥലത്ത് വെച്ചാണ് സംഭവം. ഇന്നോവ കാറിൽ എത്തിയ സംഘം ഇയാളെ പിടിച്ച് കാറിനകത്തേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഡോർ അടക്കാതെ കാർ ഏറെ ദൂരം ഓടി. പിറകെ ഒരു സ്വിഫ്റ്റ് കാറും ഉണ്ടായിരുന്നു.
സംഭവത്തില്‍ പാണ്ടിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വണ്ടൂർ ഭാഗത്തേക്കാണ് പോയത് എന്ന നിഗമനത്തിലാണ് പോലീസ്. ജില്ലയുടെ അതിർത്തികളിൽ അടക്കം പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.