ബലാത്സംഗ കേസ്: റാപ്പർ വേടൻ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ സമർപ്പിക്കും


ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പര്‍ വേടൻ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ സമർപ്പിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി കൊച്ചി സിറ്റി പൊലീസിനോട് വിശദീകരണം തേടിയേക്കും
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതിയിലാണ് ഇന്നലെ രാത്രി വേടനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കൂടാതെ വേടൻ സാമ്പത്തികമായും തന്നെ ചൂഷണം ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
2021 മുതൽ 2023 വരെ പല തവണയായി മുപ്പതിനായിരത്തിലേറെ രൂപ നൽകിയിട്ടുണ്ടെന്നും വേടനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയാണെന്ന് യുവതി പറയുന്നു. എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. നിരവധി പേർ വേടനെതിരെ മീടൂ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പരാതി നൽകിയതെന്നും യുവതി പറയുന്നു.