NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കയർ ഉൽപ്പന്ന നിർമ്മാണത്തിൽ പട്ടികജാതി വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം; 500 വനിതകൾ രജിസ്റ്റർ ചെയ്തു, 1.92 കോടി രൂപയുടെ പദ്ധതി

പ്രതീകാത്മക ചിത്രം

 

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി കയർ ഉൽപ്പന്ന നിർമ്മാണ മേഖലയിൽ നൈപുണ്യ വികസന പരിശീലന പരിപാടിയുമായി സർക്കാർ. തൊഴിൽ നൈപുണ്യ പരിശീലനത്തിലൂടെ അവരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭം നടപ്പിലാക്കുന്നത്. പരിശീലനം വഴി വിവിധ സഹകരണ സംഘങ്ങളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും സ്ഥിരവരുമാനം നേടാൻ വനിതകളെ പ്രാപ്തരാക്കും. പട്ടികജാതി വികസന വകുപ്പും നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

കേരളത്തിലുടനീളം വൈവിധ്യമാർന്ന കയർ ഉൽപ്പന്നങ്ങളിൽ NCRMI പരിശീലനം നൽകിവരുന്നുണ്ട്. പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ആദ്യമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ മൂന്ന് പ്രധാന കയർ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനമാണ് ലഭ്യമാക്കുക. ഇതിനോടകം 500 ഓളം പരിശീലനാർത്ഥികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പദ്ധതിക്കായി എസ്.സി.എസ്.ടി. ഡിപ്പാർട്ട്‌മെന്റ് വഴി 1.92 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് പാസായ, 50 വയസിൽ താഴെയുള്ള പട്ടികജാതി വനിതകൾക്കാണ് പരിശീലനം നൽകുന്നത്.

 

കേരളത്തിലെ 10 ജില്ലകളിലായി സംഘടിപ്പിക്കുന്ന പരിശീലനത്തിൽ കയർ ഫ്രെയിം മാറ്റ് നിർമാണം, ചകിരിച്ചോർ കമ്പോസ്റ്റ് നിർമാണം, കയർ ഭൂവസ്ത്ര നിർമാണം എന്നിവയിലാണ് പരിശീലനം നൽകുക. വിവിധതരം ഫ്രെയിമുകളിൽ വൈവിധ്യമാർന്ന ചവിട്ടികൾ നിർമ്മിക്കുന്നതിന് 15 ബാച്ചുകളിലായി പരിശീലനം നൽകും. ഓരോ ബാച്ചിലും 10 വനിതകളെയാണ് ഉൾപ്പെടുത്തുന്നത്. 30 ദിവസത്തെ പരിശീലനവും 25 ദിവസത്തെ ഇന്റേൺഷിപ്പും ഇതിൽ ഉൾപ്പെടുന്നു. പരിശീലനാർത്ഥികൾക്ക് പ്രതിദിനം 300 രൂപ സ്റ്റൈപ്പൻഡും 25 ദിവസത്തെ ഇന്റേൺഷിപ്പിന് പ്രതിദിനം 500 രൂപ വേതനമായും ലഭിക്കും.

 

NCRMI യുടെ കുടപ്പനക്കുന്നിലുള്ള ക്യാമ്പസിൽ സൗജന്യ താമസ സൗകര്യത്തോടെയാണ് ചകിരിച്ചോർ കമ്പോസ്റ്റ് നിർമ്മാണ പരിശീലനം നൽകുക. സുസ്ഥിര കൃഷിക്കും പൂന്തോട്ട പരിപാലനത്തിനും ഏറെ പ്രാധാന്യമുള്ളതാണ് ചകിരിച്ചോർ കമ്പോസ്റ്റ്. 2 ദിവസത്തെ പരിശീലനവും 25 ദിവസത്തെ ഇന്റേൺഷിപ്പും ലഭിക്കും. ഇതിനു മാത്രമായി ഏകദേശം 75 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. പരമാവധി 25 ദിവസത്തേക്ക് പ്രതിദിനം 500 രൂപ നിരക്കിൽ വേതനത്തോടുകൂടിയ ഇന്റേൺഷിപ്പും 2 ദിവസത്തെ പരിശീലന കാലയളവിൽ പ്രതിദിനം 300 രൂപ സ്റ്റൈപ്പൻഡും ലഭിക്കും. 20 പേരടങ്ങുന്ന എട്ട് ബാച്ചുകളായാണ് പരിശീലനം.

 

മണ്ണൊലിപ്പ് തടയുന്നതിനും ചരിഞ്ഞ പ്രദേശങ്ങൾ ബലപ്പെടുത്തുന്നതിനും കാർഷിക വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും റോഡ് നിർമ്മാണത്തിനും ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ ഉൽപ്പന്നമാണ് കയർ ജിയോ ടെക്സ്റ്റൈൽസ്. കയർ ഭൂവസ്ത്ര നിർമ്മാണത്തിലെ പ്രായോഗിക പരിശീലനം, സാങ്കേതിക പരിജ്ഞാനം, വിതരണ പരിശീലനം, വിവിധതരം കയറുകളെക്കുറിച്ചുള്ള അവബോധം എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

35 ദിവസം 10 പേരടങ്ങുന്ന മൂന്ന് ബാച്ചുകളായാണ് പരിശീലനം. പരിശീലന കാലയളവിൽ പ്രതിദിനം 300 രൂപ സ്റ്റൈപ്പൻഡും 30 ദിവസത്തെ ഇന്റേൺഷിപ്പിന് പ്രതിദിനം 675 രൂപയും വേതനമായി നൽകും. സൗജന്യ താമസ സൗകര്യവും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *