പരപ്പനങ്ങാടിയിൽ വ്യാജ മദ്യനിർമാണ കേന്ദ്രത്തിൽ റെയ്ഡ് :1000 ലിറ്ററോളം വാഷും നാടൻ ചാരായവും നിർമ്മാണ സാമഗ്രികളും പിടികൂടി, വീട്ടുടമസ്ഥൻ മുങ്ങി, വീട്ടമ്മ അറസ്റ്റിൽ


പരപ്പനങ്ങാടി ചിറമംഗലത്ത് വീട്ടിൽ വ്യാജ മദ്യനിർമാണം പോലീസ് കണ്ടെത്തി. ചിറമംഗലം ബാഫഖി തങ്ങൾ റോഡിൽ സുലു നിവാസിൽ മണി എന്നയാളുടെ വീട്ടിലാണ് 1000 ലിറ്ററോളം വാഷ്, അൻപതോളം ചെറിയ കുപ്പികളിലാക്കിയ നാടൻ ചാരായവും നിർമ്മാണ സാമഗ്രികളും പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തി ഇവ പിടികൂടിയത്. പോലീസ് പരിശോധനക്കെത്തുന്ന വിവരമറിഞ്ഞ വീട്ടുടമസ്ഥൻ മണി വീട്ടിൽനിന്നും രക്ഷപ്പെട്ടു.
നിർമാണത്തിൽ പങ്കുള്ള ഇയാളുടെ ഭാര്യ ബിന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടുപരിസരത്തേക്ക് ആരും വരാതിരിക്കുന്നതിനായി കൂറ്റൻ നായകളെ ഇവർ വീട്ടിൽ വളർത്തിയിരുന്നു. നായകളെ ഓടിച്ചിട്ടാണ് പോലീസ് വീട്ടിനുള്ളിൽ പരിശോധന നടത്തിയത്.
നിരവധി കന്നാസുകളിലാക്കിയ അതിരൂക്ഷ ദുർഗന്ധമുള്ള വാഷാണ് ഉണ്ടായിരുന്നതതെന്ന് പോലീസ് പറഞ്ഞു.
രാത്രി മൂന്നുമണിവരെ വിവിധ ഏജന്റ്മാർ മുഖേനയും നേരിട്ടും മദ്യം ഇവർ വിൽപ്പന നടത്തിയിരുന്നു.
വ്യാജ മദ്യനിർമാണത്തിനുപയോഗിച്ച ഗ്യാസ് സിലിണ്ടറുകൾ, വയറുകൾ, പത്രങ്ങൾ, കന്നാസുകൾ മറ്റു സാധന സാമഗ്രികൾ പോലീസ് കസ്റ്റഡിയിലെടുത്തു.
സി.ഐ. ക്ക് പുറമെ വനിതാ എ.എസ്.ഐ. റീന, എസ്.ഐ. ബാബുരാജൻ, എസ്.സി.പി.ഒ. സതീഷ് കുമാർ, പ്രജോഷ്, രമേഷ് എന്നിവരാണ് പരിശോധന നടത്തിയത്.