നഗരസഭ മാലിന്യം നിക്ഷേപിക്കുന്നത് സ്റ്റേഡിയത്തിൽ; പൊറുതിമുട്ടി പ്രദേശവാസി കളും കായിക പ്രേമികളും.


പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ സ്റ്റേഡിയത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്കും കായിക പ്രേമികൾക്കും ദുരിതമാകുന്നതായി പരാതി. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളാണ് നഗരസഭ പ്ലാസ്റ്റിക് വേർതിരിക്കുന്നതിനു വേണ്ടി സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിക്ഷേപിച്ചിട്ടുള്ളത്.
ഇതുമൂലം തെരുവ് നായകൾ മാലിന്യം കടിച്ച് പരിസര പ്രദേശങ്ങളിൽ കൊണ്ടിടുകയും തെരുവ് നായകൾ പ്രദേശത്ത് വർധിച്ചതും പരിസരവാസികൾക്ക് ഭീഷണിയുമുണ്ടെന്നും നാട്ടുകാർ പറയുന്നു.
മാത്രവുമല്ല വിവിധഭാഗങ്ങളിൽ നിന്ന് ശേഖകരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സ്റ്റേഡിയത്തിലെ സ്റ്റേജിൽ കൊണ്ട് വന്ന് നിക്ഷേപിക്കുകയും മാലിന്യങ്ങൾ വേർത്തിരിക്കാൻ സ്റ്റേഡിയത്തെ ഉപയോഗിച്ചത് പരിസരവാസികളോടും കായിക പ്രേമികളോടുമുള്ള വെല്ലുവിളിയുമാണെന്നും ഇവർ പരാതിപ്പെടുന്നു
സ്റ്റേഡിയത്തിലെ മാലിന്യ നിക്ഷേപത്തിൽ നിന്ന് നഗരസഭ പിന്തിരിയണമെന്ന് പുത്തരിക്കൽ യുവ കൂട്ടായ്മ പ്രവർത്തകർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മറ്റു മേഖലയിലെ ആളുകളെ സംഘടിപ്പിച്ച് വലിയ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും കൂട്ടായ്‌മ അംഗങ്ങളായ മുഹമ്മദ് വഫ, ബിജീഷ് പുത്തരിക്കൽ, ഷാഫി, തഷ്രീഫ്, ആദിൽ, സുദി, ഹാരിസ് പുത്തരിക്കൽ, ഫവാസ് തുടങ്ങിയവർ വാർത്താകുറിപ്പിൽ പറഞ്ഞു.