സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്


ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിനെ സണ്ണി ജോസഫ് എംഎൽഎ നയിക്കും. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി സണ്ണി ജോസഫിനെ നിയമിച്ച് കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉത്തരവിറക്കി. കെ സുധാകരന് പകരമാണ് സണ്ണി ജോസഫിനെ നിയമിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പേരാവൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സണ്ണി ജോസഫ്. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും.
അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ. പി സി വിഷ്ണുനാഥ്, എ പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു.
നിലവിലെ യുഡിഎഫ് കൺവീനർ എം എം ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. പുതിയ വർക്കിങ് പ്രസിഡൻ്റായി നിയമിതനായ പി സി വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽനിന്നു നീക്കി.
ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു