തിരിച്ചടി തുടര്‍ന്ന് ഇന്ത്യ, പാക് മിസൈലുകള്‍ നിലം തൊടും മുമ്പേ തകര്‍ത്തു; ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനം നിര്‍വീര്യമാക്കി


ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള പാകിസ്താന്‍ ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം. ഇന്നലെ രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാന്‍ നടത്തിയ ആക്രമണശ്രമങ്ങളെ ചെറുത്ത് ഇന്ത്യ തിരിച്ചടിച്ചു.
ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ ലാഹോറിലെ പാകിസ്ഥാന്റെ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തു.
2025 മെയ് 07 രാത്രിയിലും 8 പുലര്‍ച്ചെയും പാകിസ്ഥാന്‍ ഇന്ത്യയിലെ പലകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും സൈന്യം ആ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നാല്‍, ഫലോഡി, ഉത്തര്‍ലൈ, ഭുജ് എന്നിവയുള്‍പ്പെടെ വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ശ്രമിച്ചുവെന്നാണ് സൈന്യം പ്രസ്താവനയില്‍ രാജ്യത്തെ അറിയിച്ചത്.
ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനവും ഉപയോഗിച്ച് പാകിസ്ഥാന്റെ എല്ലാ മിസൈല്‍ ആക്രമണ ശ്രമങ്ങളേയും നിര്‍വീര്യമാക്കിയെന്നും സൈന്യം അറിയിച്ചു. പാകിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് തെളിവായി നിരവധി സ്ഥലങ്ങളില്‍ നിന്ന് ഈ ആക്രമണങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തുവെന്നും സൈന്യം അറിയിച്ചു.