12 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ എക്സൈസിൻ്റെ പിടിയിൽ


പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടിയും, മലപ്പുറം ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ വേങ്ങര നിന്നും 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിലായി.
പശ്ചിമ ബംഗാൾ ബർധമാൻ സ്വദേശികളായ നിലു പണ്ഡിറ്റ് (35), അബ്ദുൾ ബറാൽ (31), ബിർഭും സ്വദേശി വിനോദ് ലെറ്റ് (33) എന്നിവരെയാണ് കഞ്ചാവ് കൈമാറ്റത്തിനിടെ എക്സൈസ് പിടികൂടിയത്.
വേങ്ങരയിലെ പ്രാദേശിക ചില്ലറ കഞ്ചാവ് വിൽപനക്കാർക്ക് സുരക്ഷിതമായി കഞ്ചാവ് കൈമാറാനാണ് അർധരാത്രി തെരെഞ്ഞെടുത്തതെന്ന് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ അറിയിച്ചു.
കഞ്ചാവ് സ്വീകരിക്കാനെത്തിയ പ്രദേശിക വ്യക്തികളെക്കുറിച്ച് വിവരം ലഭ്യമായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പരപ്പനങ്ങാടി റേഞ്ച് ഇൻസ്പെക്ടർ കെ.ടി ഷനൂജ്, ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസെക്ടർ ഷിജുമോൻ എന്നിവർ വ്യക്തമാക്കി.
പരിശോധനക്ക് ഇൻസ്പെക്ടർമാർക്ക് പുറമെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി. ദിനേശൻ, സന്തോഷ്, പ്രിവൻ്റീവ് ഓഫീസർ കെ.ശിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, നിതിൻ, രാഹുൽരാജ്, ജിഷ്ണാദ്, എക്സൈസ് ഉത്തര മേഖല സ്ക്വാഡംഗങ്ങളായ സച്ചിൻ, അഖിൽദാസ്, ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു. പരപ്പനങ്ങാടി കോടതി മൂന്നു പ്രതികളെയും റിമാൻഡ് ചെയ്തു