പരപ്പനങ്ങാടി എൽബിഎസ് ഐഎസ് ടിക്ക് ആവശ്യമായ തുക അനുവദിക്കണം: കെ.പി.എ മജീദ് എം.എൽ.എ യുടെ നിയമസഭ സബ്മിഷൻ
1 min read

പരപ്പനങ്ങാടി എൽ.ബി.എസ് ഐ.ഐ.എസ്.ടി ക്ക് സ്വന്തം സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും ആവശ്യമായ തുക അനുവദിക്കണമെന്ന് കെ.പി.എ മജീദ് നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയില്‍ LBS Integrated Institute of Science and Technology (LBS IIST) എന്ന സ്ഥാപനം നിലവില്‍ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനും, സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്നതിനും ആവിശ്യമായ പണം ലഭ്യമാക്കുന്നതിനും നിരന്തരം ആവിശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്റെയും തുടര്‍ന്ന് പാലോളി കമ്മിറ്റിയുടെയും ശുപാര്‍ശപ്രകാരം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് വേണ്ടി സ്ഥാപിച്ച വിദ്യഭ്യാസ സ്ഥാപനമാണിത്.
ഈ സ്ഥാപനത്തിന് 15 ഏക്കര്‍ ഭൂമി നെഗോസിയേഷന്‍ പര്‍ച്ചേസ് വഴി ഏറ്റെടുക്കുന്നതിനും, കെട്ടിടം നിര്‍മ്മിക്കുന്നതിനും ആവിശ്യമായ പണം അനുവദിക്കേണ്ടതുണ്ട്. അപ്ലൈഡ് സയന്‍സ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്നിക് കോളേജ്, LBS ന്‍റെ PGDCA, മള്‍ട്ടിമീഡിയ അടക്കമുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ എന്നിവ ഈ വിദ്യാഭ്യാസ ഹബ്ബില്‍ ഉള്‍പ്പെടുന്നുണ്ട്.
ഇതില്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ നിന്നും വിജയകരമായി പഠനം പൂര്‍ത്തീകരിച്ച് ആദ്യബാച്ച് 5 വര്‍ഷം മുന്‍പ് പുറത്തിറങ്ങി. കമ്പ്യൂട്ടര്‍ കോഴ്സുകളും നല്ല രീതിയില്‍ നടക്കുന്നുണ്ട്. എഞ്ചിനീയറിംഗ് കോളേജും, പോളിടെക്നിക് കോളേജും സ്ഥല പരിമിതി കാരണം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു ഗവ.എഞ്ചിനീയറിംഗ് കോളേജ് നിലവില്ല എന്ന കാര്യവും കൂടി ഓര്‍മ്മിപ്പിക്കുന്നു.
സ്ഥലം കൈമാറുന്നതിന് സ്ഥലമുടമകള്‍ മലപ്പുറം ജില്ലാ കളക്ടറുമായി ധാരണ പത്രം ഒപ്പുവെക്കുകയും, ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം റവന്യൂ വകുപ്പ് സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണ്ണയിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലമുടമകള്‍ക്ക് പണം കൈമാറുന്ന നടപടിയാണ് ഇനി ബാക്കിയുള്ളത്.
ഈ പദ്ധതിയുടെ ഫയൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജെ സെക്ഷനിൽ നമ്പര്‍- J-1 / 212 / 2018 / H.Edn പ്രകാരം നിലവിലുണ്ട്.
നിലവില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വാടകയിനത്തില്‍ വലിയ തുക സര്‍ക്കാരിന് ബാധ്യത വരുന്നുണ്ട്. മാത്രമല്ല കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് സ്ഥലം ഏറ്റെടുത്ത് സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്നതിനു ആവിശ്യമായ തുകയേക്കാള്‍ കൂടുതല്‍ തുക വാടകയിനത്തില്‍ വരും. ഇനിയും വൈകിയാല്‍ ഈ തുകക്ക് സ്ഥലം കൈമാറാന്‍ സ്ഥലമുടമകള്‍ തയ്യാറാവാത്ത അവസ്ഥയും വരും.
കഴിഞ്ഞ യുഡിഫ് സർക്കാരിന്റെ കാലത്ത് ഈ സ്ഥാപനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനും, സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്നതിനും വേണ്ടി 130 കോടി അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കുകയും,, അതില്‍ നിന്നും 1 കോടി രൂപ അടിയന്തിര ആവിശ്യങ്ങള്‍ക്കായി റിലീസ് ചെയ്തു നല്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് വന്ന സർക്കാർ ബാക്കി തുക തുക ഇന്നേ വരെ അനുവദിക്കുകയോ, ആദ്യം അനുവദിച്ച ഉത്തരവിലെ ബാക്കിയുള്ള തുക ലഭ്യമാക്കുകയോ ചെയ്തില്ല.
ആയതിനാല്‍ പരപ്പനങ്ങാടി LBS Integrated Institute of Science and Technology (IIST) ക്കു സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സമയബന്ധിതമായി സ്വീകരിക്കണമെന്നും കെ.പി.എ മജീദ് നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മുക്തമാകുന്ന സമയത്ത് ഈ പദ്ധതിക്ക് പണം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.