കോവിഡ് ബാധിച്ചു മരിച്ച ആളുകളെ മതാചാര പ്രകാരം കുളിപ്പിക്കുന്നതായി പരാതി: പോലീസ് കേസെടുത്തു..
1 min read

പരപ്പനങ്ങാടി: കോവിഡ് ബാധിച്ചു മരണപ്പെട്ട ആളുകളുടെ ശരീരം പരപ്പനങ്ങാടി പുത്തരിക്കലുള്ള പെംസ് സ്കൂളിനു സമീപം ക്രമീകരിച്ചിട്ടുള്ള സ്ഥലത്ത് കൊണ്ടുവന്ന് മതാചാരപ്രകാരം കുളിപ്പിക്കുന്നതായി ലഭിച്ച പരാതിയിൽ പോലീസ് കേസെടുത്തു. അറ്റത്തങ്ങാടി സ്വദേശി നെച്ചിക്കാട്ട് റഫീഖ് നൽകിയ പരാതിയിലാണ് കേസ്.
പരപ്പനങ്ങാടി ആസ്ഥാനമായിട്ടുള്ള ‘സോഫ്റ്റ് ‘ എന്ന സംഘടനയിലെ അംഗങ്ങൾ ആണ് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഏതാനും കൗൺസിലർമാരുടെ സഹായത്തോടെ മൃതദേഹങ്ങൾ കുളിപ്പിച്ചു കൊണ്ടിരുന്നത് എന്നും ദൂരസ്ഥലങ്ങളിൽ നിന്നും മൃതദേഹങ്ങൾ ഇവിടെ കൊണ്ടുവന്ന് കുളിപ്പിച്ച ശേഷമാണ് അടക്കം ചെയ്തിരുന്നത് എന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനും മനപൂർവം രോഗം പകരുന്നതിനുള്ള സാഹചര്യം ഉണ്ടാക്കിയതിനും പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ വാർത്താ ചാനൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവർമാരുടെ ഇക്കാര്യത്തിലുള്ള പരാതി പ്രസിദ്ധീകരിച്ചിരുന്നു.
പരപ്പനങ്ങാടി പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പരപ്പനങ്ങാടി Cl ഹണി കെ.ദാസ് അറിയിച്ചു.