ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാൻ അവകാശമില്ലേ? ദിഖ്റും സ്വലാത്തും ആണുങ്ങൾക്ക് ബാധകമല്ലേ; ഇബ്രാഹിം സഖാഫിക്ക് മറുപടിയുമായി നഫീസുമ്മയുടെ മകൾ


മണാലിയിൽ മകൾക്കൊപ്പം ടൂറ് പോയ കോഴിക്കോട് സ്വദേശിനി നഫീസുമ്മയെ അധിക്ഷേപിച്ച കാന്തപുരം വിഭാഗം നേതാവായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിക്ക് മറുപടിയുമായി നഫീസുമ്മയുടെ മകൾ. ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാൻ അവകാശമില്ലേ എന്ന് മകൾ ചോദിച്ചു. ദിഖ്റും സ്വലാത്തും ആണുങ്ങൾക്ക് ബാധകമല്ലേ എന്നും മകൾ ചോദിച്ചു.
പ്രമുഖ പണ്ഡിതൻ ആ പ്രഭാഷണത്തിലൂടെ തകർത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. എന്തിന് വേണ്ടിയാണോ ആർക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് എനിക്കറിയില്ല. അത് മൂലം എന്റെ ഉമ്മാന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ വീണിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂവെന്നും മകൾ കൂട്ടിച്ചേർത്തു.
മണാലിയിൽ മകൾക്കൊപ്പം ടൂർ പോയ നഫീസുമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നഫീസുമ്മയ്ക്കെതിരെ മതപരമായ ആശയങ്ങൾ ഉയർത്തിയുള്ള വിമർശനങ്ങളും ശക്തമായത്. ഇക്കഴിഞ്ഞ ദിവസമാണ് ഇതിനെതിരെ പരാമർശവുമായി മത പണ്ഡിതൻ രംഗത്തെത്തിയത്. “ഭർത്താവ് മരിച്ച വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിനു പകരം ഏതോ അന്യസംസ്‌ഥാനത്തേക്ക് മഞ്ഞിൽ കളിക്കാൻ പോയി’ എന്നായിരുന്നു പരാമർശം. ഈ വിഡിയോ അതിവേഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പിന്നാലെ നഫീസുമ്മക്ക് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ളവർ പിന്തുണ നൽകുന്നതാണ് സോഷ്യൽ മീഡിയയിൽ കണ്ടത്.