അബ്ദുള്‍ റഹീമിന്റെ മോചനം വൈകും; ഇന്നും കോടതി കേസ് പരിഗണിച്ചില്ല


സൗദി ജയിലില്‍ മോചനം കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം വൈകും. ഇന്നും കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. ഇത് എട്ടാം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിയത്. വീണ്ടും കേസ് പരിഗണിക്കുന്നത് എപ്പോഴെന്ന് വ്യക്തതയില്ല. ഒടുവില്‍ കേസ് പരിഗണിച്ചത് ഫെബ്രുവരി 2ന് ആയിരുന്നു.
നേരത്തെ ഏഴ് തവണ അബ്ദുള്‍ റഹീമിന്റെ കേസ് കോടതി മാറ്റി വച്ചത് വിവിധ കാരണങ്ങള്‍ ഉന്നയിച്ചാണ്. മരിക്കുന്നതിന് മുന്‍പ് മകനെ കാണണമെന്നതാണ് തന്റെ ഏക ആഗ്രഹമെന്ന് റഹീമിന്റെ മാതാവ് നേരത്തേ പറഞ്ഞിരുന്നു. അതേസമയം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടര്‍ച്ചയായി മാറ്റി വെയ്ക്കുന്നതെന്നാണ് അഭിഭാഷകര്‍ നല്‍കുന്ന വിശദീകരണം.
2006ല്‍ ആണ് ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജിഎംസി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.
ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.