സംസ്ഥാനത്ത് മദ്റസകളിൽ ഇനി സ്കൗട്ട് യൂണിറ്റുകൾ ആരംഭിക്കുന്നു; സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു


.
പരപ്പനങ്ങാടി: മദ്റസകളിൽ സ്കൗട്ട് യൂണിറ്റുകൾ ആരംഭിക്കുന്നു. ജംഇയ്യത്തുൽ ഉലമാ എ ഹിന്ദിന്റെ യുവജന വിഭാഗമായ ജെ.വൈ.സിയുടെ സഹകരണത്തോടെ കേരളത്തിൽ, കൗൺസിൽ ഫോർ ഇസ്ലാമിക് റിസർച്ച് കൗൺസിലിനു കീഴിലുള്ള മദ്രസ്സകളിലാണ് സ്കൗട്ട് യൂനിറ്റുകൾ ആരംഭിക്കുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം പരപ്പനങ്ങാടി മദ്രസ്സത്തുൽ ഇസ്ലാഹിയ്യയിൽ നടന്നു.
കേരള നദ്‌വത്തുൽ മുജാഹിദീൻ മർക്കസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹ്‌മദ് കുട്ടി മദനി ഉദ്ഘാടനം നിർവഹിച്ചു. സദ്‌വിചാരവും സദാചാരവും പരിശീലിക്കപ്പെട്ട് രാജ്യത്തിനും സമൂഹത്തിനും കുടുംബത്തിനും ഗുണമേകുന്ന നന്മയുടെ അടയാളങ്ങളായി തലമുറകളെ വാർത്തെടുക്കുന്നതിൽ സ്കൗട്ട് പ്രസ്ഥാനം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും മദ്രസകളിൽ ഇതിന് സാധ്യതകൾ ഏറേയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാലുഷ്യം കാലത്തിന്റെ മുഖമുദ്രയായിക്കൊണ്ടിരിക്കുന്ന വർത്തമാന ലോകത്ത് സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് കുട്ടികളെ ഇതിലേക്ക് പ്രചോദിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇ.ഒ. നാസർ അധ്യക്ഷത വഹിച്ചു. സി.ഐ.ഇ.ആർ സംസ്ഥാന കൺവീനർ എ.ടി. ഹസ്സൻ മദനി, ഇ.സി.സി. സി ജനറൽ സെക്രട്ടറി ഇ.ഒ. അബ്ദുൽ ഹമീദ്, ജെ.വൈ.സി. സ്കൗട്ട് സംസ്ഥാന കോ ഓർഡിനേറ്റർ ശബാബ്, ബീന എം.ബി, നജാദുദ്ദീൻ ഹാദി, മിഥുൻ, ശ്യാം ലാൽ, അബ്ദുൽ ഗഫൂർ പി.വി. പി, അഫ്സൽ ഇബ്രാഹീം, മൻസൂറലി പ്രസംഗിച്ചു.